പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ തുടർനടപടികൾ വേഗത്തിലാക്കി പൊലീസ്. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാകും. ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർത്തേക്കും. സംഭവത്തിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്നവരെ പൊലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതും ചർച്ചയായതുമാണ് പൊലീസ് നടപടികൾ വേഗത്തിലാക്കാൻ കാരണം. മൂന്ന് മാസം മുൻപ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതുവരെ തുടർനടപടികൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഡിജിപി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു.
അതേസമയം, പൊലീസ് സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി കുഞ്ഞമ്മ പ്രതിയെ കണ്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിശദീകരണം.
പുറത്തുണ്ടായിരുന്ന പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നാണ് പൊലീസുകാരുടെ വാദം. ആ സമയത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഇല്ലാതിരുന്നതിനാൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്നും അവർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. കേസിൽ കൂടുതൽ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.


