ന്യൂഡൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടിയിൽ (എ.എ.പി) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയും അഭിപ്രായവ്യത്യാസങ്ങളും ചൂണ്ടിക്കാട്ടി മൂന്ന് എം.എൽ.എമാർ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. പിന്നാലെ ഇവർ തിങ്കളാഴ്ച ബി.ജെ.പിയിൽ ചേർന്നു.
സനൂർ മണ്ഡലത്തിലെ എം.എൽ.എ ഹർമീത് സിങ് പതൻമജ്‌റ, സമന എം.എൽ.എ ചേതൻ സിങ് ജോരമജ്‌റ, അമൃത്സർ നോർത്ത് എം.എൽ.എ കുൻവർ വിജയ് പ്രതാപ് സിങ് എന്നിവരാണ് പാർട്ടി വിട്ടത്. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് മൂവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
എ.എ.പി 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് പതൻമജ്‌റയും ജോരമജ്‌റയും ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് രാജിക്കത്ത് നൽകിയത്. ഇരുവരെയും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മാത്രമല്ല, ഇവരുടെ മണ്ഡലങ്ങളിൽ പുതിയ ചുമതലക്കാരെയും പാർട്ടി നിയമിച്ചിരുന്നു. സനൂരിൽ രൺജോധ് സിങ് ഹദാനയെയും സമനയിൽ മുൻ ശിരോമണി അകാലിദൾ നേതാവ് സുർജിത് സിങ് രഖ്‌റയെയുമാണ് ചുമതലപ്പെടുത്തിയത്.
ഭഗവന്ത് മൻ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്ന ചേതൻ സിങ് ജോരമജ്‌റയെ 2024 സെപ്റ്റംബറിലെ മന്ത്രിസഭാ പുനഃസംഘടനയിലാണ് ഒഴിവാക്കിയത്. അതേസമയം, പ്രളയ നിയന്ത്രണം, വികസന ഫണ്ട് വിതരണം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ പരസ്യമായി വിമർശിച്ച നേതാവാണ് പതൻമജ്‌റ. 2025-ൽ ഒരു ബലാത്സംഗക്കേസിൽ ഇയാൾ പ്രതിചേർക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
അമൃത്സർ നോർത്ത് എം.എൽ.എയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ കുൻവർ വിജയ് പ്രതാപ് സിങ് നേരത്തേ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭഗവന്ത് മൻ സർക്കാരിന്റെ നിലപാടുകളെ ഇദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു.
അതേസമയം, പൊതുജനങ്ങളിൽനിന്നുള്ള പ്രതികരണങ്ങളും സർവേകളും വിലയിരുത്തിയാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്നാണ് എ.എ.പി വിശദീകരണം. ധൂരി മണ്ഡലത്തിൽനിന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്നും കൊട്കപുരയിൽനിന്ന് നിയമസഭാ സ്പീക്കർ കുൽതാർ സിങ് സന്ധ്വാനും മത്സരരംഗത്തുണ്ട്.


