കൊല്ലം: പ്രാർത്ഥനയിലൂടെ രോഗം മാറ്റിനൽകാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരായ അന്വേഷണം ശക്തമാക്കി പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
നിലവിൽ ഓച്ചിറ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വിശദമായി പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ലോഗറാണ് ഇയാൾ.
പ്രതി ഡയറക്ടറായി പ്രവർത്തിക്കുന്ന ഓച്ചിറ മേമനയിലെ അൽ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥാപനത്തിന്റെ മറവിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ മാസം ലക്ഷങ്ങൾ വരുമാനം നേടിയിരുന്ന പ്രതി അടുത്തകാലത്ത് ഓച്ചിറയിൽ വലിയ തുക ചെലവഴിച്ച് ഭൂമി വാങ്ങുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അക്കാദമിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണവും നടത്താനാണ് പൊലീസിന്റെ നീക്കം.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പെൺകുട്ടികൾ ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.




