തിരുവനന്തപുരം: പി.എസ്.സി വഴി വീണ്ടും രാഷ്ട്രീയ ഇടപെടലിലൂടെ നിയമന തട്ടിപ്പ് നടന്നെന്ന ആരോപണം. ഡി.വൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ മുൻ എസ്.എഫ്.ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നൽകിയെന്നാണ് പരാതി. മഹാരാജാസ് കോളേജിലെ മുൻ എസ്.എഫ്.ഐ നേതാവ് ജിതിൻ കെ.ജെക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയുടെ മെയിൻ ലിസ്റ്റിൽ പോലും ഇടംനേടാതിരുന്ന ജിതിൻ എങ്ങനെ ഒന്നാം റാങ്കിലെത്തിയെന്നതാണ് പരാതിക്കാർ ഉന്നയിക്കുന്ന ചോദ്യം.
എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഉദ്യോഗാർഥികളെ അഭിമുഖത്തിൽ കുറഞ്ഞ മാർക്ക് നൽകി പിന്നിലാക്കിയെന്നും ജിതിന് ഉയർന്ന മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചെന്നുമാണ് ആക്ഷേപം. ജിതിനെതിരെ നിരവധി ക്രിമിനൽ കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി.
കേരള യൂണിവേഴ്സിറ്റി കോളേജിലെ മുൻ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തിനും നസീമിനുമെതിരെ ഉയർന്ന സമാന നിയമന വിവാദവും പരാതിയിൽ പരാമർശിക്കുന്നുണ്ട്. 1983-ലെ കരുണാകരൻ സർക്കാരിനുശേഷം ആദ്യമായാണ് ഡി.വൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്മെന്റിനായി പരീക്ഷ നടത്തി നിയമന നടപടികളിലേക്ക് കടക്കുന്നത്. ഭാവിയിൽ പൊലീസ് തലപ്പത്തേക്ക് വരെ എത്താൻ സാധ്യതയുള്ള തസ്തികയിലേക്കുള്ള നിയമനത്തിലാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.
2025 സെപ്റ്റംബറിലാണ് ഏകദേശം 17,000 ഉദ്യോഗാർഥികൾ അപേക്ഷിച്ച തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കിയത്. ഡിസംബറിൽ പരീക്ഷ നടന്നു. 2026 മാർച്ചിൽ ചുരുക്കപ്പട്ടികയിൽ ഇടംനേടിയവരുടെ അഭിമുഖം പൂർത്തിയാക്കി. മേയ് ആറിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിൽ ജിതിൻ കെ.ജെ ഒന്നാം റാങ്ക് നേടിയതാണ് വിവാദത്തിന് കാരണമായത്.
അഭിമുഖത്തിൽ ജിതിന് വഴിവിട്ട ഇളവുകൾ നൽകി മാർക്ക് വർധിപ്പിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെയുള്ളവർ നേരിട്ട് പങ്കെടുത്ത സമിതിയാണ് അഭിമുഖം നടത്തിയത്. നിയമന നടപടികളിലെ വേഗതയിലും ദുരൂഹതയുണ്ടെന്ന് പരാതിക്കാർ ആരോപിക്കുന്നു.
ജിതിന് അഡ്വൈസ് മെമ്മോ നൽകിയിട്ടുണ്ടെങ്കിലും പരിശീലനത്തിൽ പ്രവേശിക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും അന്വേഷണത്തിൽ വ്യക്തത വരുന്നതുവരെ പരിശീലനത്തിനുള്ള അനുമതിയും നിയമന ഉത്തരവും തടയണമെന്നുമാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്റെ ആവശ്യം.



