പാലക്കാട്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കൂറ്റനാട്- തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറെ തണ്ണീർക്കോട് ഭാഗത്തുനിന്ന് എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കർ റോഡരികിൽ രക്തം വാർന്ന് കിടന്നിട്ടും അതുവഴി വന്ന വാഹനങ്ങളിലൊന്നും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാർ ഓടിക്കൂടി ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകി.
ഒടുവിൽ അപകടത്തിൽപ്പെട്ട കാറിൽ തന്നെയാണ് അബൂബക്കറെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ വാഹനയാത്രക്കാർ സഹായിച്ചില്ലെന്നും ആംബുലൻസ് എത്താൻ വൈകിയെന്നും നാട്ടുകാർ ആരോപിച്ചു.




