കല്പറ്റ: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പുതിയ വഴിത്തിരിവ്. വിനോദയാത്രയ്ക്ക് അനുമതി തേടി സ്കൂൾ അധികൃതർ നേരത്തെ തന്നെ ആർ.ഡി.ഡി.ക്ക് അപേക്ഷ നൽകിയിരുന്നതായാണ് വിവരം. ഇതിനായി അയച്ച അപേക്ഷയുടെ പകർപ്പും പുറത്തുവന്നു.
ഓഗസ്റ്റ് 14-നാണ് വിനോദയാത്രയ്ക്ക് അനുമതി തേടി സ്കൂൾ അധികൃതർ റീജണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിന് അപേക്ഷ നൽകിയത്. എന്നാൽ രണ്ടുമാസത്തോളം കാത്തിരുന്നിട്ടും മറുപടി ലഭിച്ചില്ല. തുടർന്നാണ് ഒക്ടോബർ 25-ന് സ്കൂളിൽനിന്ന് വിനോദയാത്ര സംഘടിപ്പിച്ചത്. വിനോദയാത്രയ്ക്ക് അനുമതി തേടി അപേക്ഷ നൽകിയാലും പലപ്പോഴും അധികൃതരിൽനിന്ന് മറുപടി ലഭിക്കാറില്ലെന്നും ഈ സാഹചര്യത്തിലാണ് യാത്രയുമായി മുന്നോട്ടുപോയതെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. എന്നാൽ വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. യാത്രയ്ക്കിടെ കുട്ടികൾ അപക്വമായി ചിത്രീകരിച്ച ദൃശ്യങ്ങൾ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്നും അതാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു.
വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ മീനങ്ങാടി സ്കൂളിൽനിന്ന് സ്ഥലംമാറ്റിയിരുന്നു. ആർ.ഡി.ഡിയുടെ അനുമതിയില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചുമാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിൽ പ്രതിഷേധിച്ച് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ കഴിഞ്ഞദിവസം പഠിപ്പ് മുടക്കി സമരം നടത്തിയിരുന്നു.
പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം വിവാദമായിരിക്കെയാണ് വിനോദയാത്രയ്ക്ക് അനുമതി തേടി സ്കൂൾ അധികൃതർ അപേക്ഷ നൽകിയിരുന്നതിന്റെ രേഖകൾ പുറത്തുവന്നിരിക്കുന്നത്.




