മസ്കറ്റ്: ഇന്ത്യൻ പതാക വഹിച്ച കാർഗോ കപ്പലിന് നേരെ ഒമാൻ തീരത്ത് നടന്ന വ്യോമാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. 14 ഇന്ത്യൻ നാവികരുമായി യാത്ര ചെയ്തിരുന്ന എംഎസ്വി അൽ ജുസുഫി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
ഗുജറാത്ത് സ്വദേശിയായ ഗൻഡാർ നഹിം അജിജ് ആണ് കൊല്ലപ്പെട്ടത്. തിരിച്ചറിയാത്ത മേഖലയിൽ നിന്നുണ്ടായ വ്യോമാക്രമണത്തിലാണ് നാവികന് ജീവൻ നഷ്ടമായതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ കപ്പലിലുണ്ടായിരുന്ന 13 നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഒമാൻ കോസ്റ്റ്ഗാർഡാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അമേരിക്ക-ഇറാൻ യുദ്ധത്തിന് പിന്നാലെ മേഖലയിലെ സംഘർഷം ശക്തമായിരിക്കുകയാണ്. ഹൂത്തികളുടെ സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾക്കിടയിൽ ഇന്ത്യൻ പതാകയുള്ള കാർഗോ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ താരതമ്യേന കുറവായിരുന്നു.
അമേരിക്ക-ഇസ്രയേൽ യുദ്ധം ആരംഭിച്ച ഫെബ്രുവരി മുതൽ ഇതുവരെ 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. ഇതിൽ 14 പേർ നാവികരാണെന്നും കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.




