പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം നടന്ന ജൂലൈ 11ന് പിന്നാലെ അടുത്ത ദിവസവും കോൺഗ്രസ് നേതാക്കളടങ്ങുന്ന സംഘം പൊലീസ് സ്റ്റേഷനിലെത്തിയതായി റിപ്പോർട്ടുകൾ. മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണക്കേസിലെ പ്രതി ഫെനി നൈനാൻ, ഗർഭഛിദ്രക്കേസിലെ കൂട്ടുപ്രതി ജോബി ജോസഫ് തുടങ്ങിയവരാണ് ജൂലൈ 12ന് സ്റ്റേഷനിലെത്തിയത്.
പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ സംഘത്തെ അടൂരിലെ കോൺഗ്രസിന്റെ ‘പട്ടാളം’ എന്ന് വിശേഷിപ്പിച്ച് ശ്രീനാദേവി കുഞ്ഞമ്മ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പോസ്റ്റ്. സംഭവത്തിൽ പൊലീസുകാരനുൾപ്പെടെ പരിക്കേറ്റതായാണ് വിവരം.
അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമായതായാണ് റിപ്പോർട്ടുകൾ. പൊലീസ് സ്റ്റേഷൻ ആക്രമണം ജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. സംഭവത്തിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ഡിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണാനുള്ള ശ്രീനാദേവി കുഞ്ഞമ്മയുടെ അനുമതിയും നിഷേധിച്ചതായാണ് വിവരം.
അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ ഫെനി നൈനാനെയും ഉൾപ്പെടുത്തുമെന്നാണ് സൂചന. നിലവിലെ എഫ്ഐആറിലെ വകുപ്പുകൾ തന്നെ നിലനിർത്താനാണ് തീരുമാനം.
അതേസമയം, പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് പൊലീസ് സ്റ്റേഷനുള്ളിൽ പ്രവേശിച്ചതെന്നും സെല്ലിനുള്ളിലേക്ക് കടന്നിട്ടില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ എറണാകുളത്തുനിന്ന് അറസ്റ്റിലായ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിലെത്തി ആക്രമിച്ച സംഭവത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.




