തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാത്രി 10.52നാണ് 17കാരനെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതി ലഭിക്കുന്നതിന് മുൻപുതന്നെ യുവാവ് കൊല്ലപ്പെട്ടിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബന്ധുക്കളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്നുതന്നെ രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ പുലർച്ചെയോടെ വിട്ടയച്ചു. തുടർന്നുള്ള അന്വേഷണം ഉമർ എന്ന വ്യക്തിയിലേക്ക് എത്തി. കൊല്ലപ്പെട്ടയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ പാങ്ങപ്പാറ പരിസരത്ത് പരിശോധന നടത്തിയെങ്കിലും കൃത്യമായ സ്ഥലം കണ്ടെത്താനായില്ല. പ്രതികൾ ഫോൺ ഒളിപ്പിച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട അബ്രഹാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചില ചാറ്റുകൾ അപ്രതീക്ഷിതമാണെന്ന് സൈബർ സെൽ പരിശോധനയിൽ കണ്ടെത്തി. അബ്രഹാമിന്റെ സമൂഹമാധ്യമ അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായി. ഏത് സാഹചര്യത്തിലാണ് സന്ദേശങ്ങൾ അപ്രത്യക്ഷമായതെന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.



