കൊച്ചി: ചെയ്യാത്ത തെറ്റിന് മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ലെന്നും തലകുനിക്കാതെ തന്നെ മുന്നോട്ടുപോകുമെന്നും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിടുന്ന വിദ്യാർഥിനി എം. ആശ്രിത. തങ്ങളോട് മാപ്പുപറയണമെന്ന് തീരുമാനിക്കാൻ സർവകലാശാല സിൻഡിക്കേറ്റിന് എങ്ങനെ സാധിച്ചെന്നും ആശ്രിത ചോദിച്ചു.
സർവകലാശാലാ കാര്യങ്ങളിൽ സർക്കാരിന് ഇടപെടാനാകില്ലെന്ന് നേരത്തെ പറഞ്ഞവർ ഇപ്പോൾ മാപ്പുപറഞ്ഞാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് പറയുകയാണെന്ന് ആശ്രിത ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. സർവകലാശാലയുടെ അപ്പീൽ അംഗീകരിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയ നിയമപരമായ സാങ്കേതിക പ്രശ്നങ്ങൾ വിദ്യാർഥികളുടെ മാപ്പിലൂടെ എങ്ങനെയാണ് ഇല്ലാതാകുന്നതെന്നും അവർ ചോദിച്ചു. സാധാരണക്കാരായ വിദ്യാർഥികളോട് വ്യക്തിപരമായ ഈഗോ കാണിക്കുന്ന വൈസ് ചാൻസലർ സി.എസ്. തോമസിന് കോൺഗ്രസ് പിന്തുണ നൽകുന്നതിൽ ആശങ്കയുണ്ടെന്നും ആശ്രിത കുറിച്ചു.
അവകാശങ്ങൾ നേടിയെടുക്കാൻ ഇനിയും നാടകം കളിച്ചും നൃത്തം ചെയ്തും പാട്ടുപാടിയും ചോദ്യങ്ങൾ ചോദിച്ചും മുന്നോട്ടുപോകുമെന്ന് ആശ്രിത വ്യക്തമാക്കി. താൻ വിശ്വസിക്കുന്ന സംഘടന എസ്.എഫ്.ഐ ആണെന്നും തലകുനിക്കാതെ ജീവിക്കുകതന്നെ ചെയ്യുമെന്നും വിദ്യാർഥിനി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അതേസമയം, സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് കാലടി സർവകലാശാലയിലെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹർജി നൽകിയത്. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അന്വേഷണവിധേയമായുള്ള സസ്പെൻഷൻ ശിക്ഷാനടപടിയായി കണക്കാക്കാനാകില്ലെന്നാണ് ഹർജിയിലെ വാദം. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഹർജിയിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.




