ശ്രീഗംഗാനഗർ: രാജസ്ഥാനിൽ പാകിസ്താൻ അതിർത്തിക്ക് സമീപം റെയിൽവേ പാളത്തിൽ ഉഗ്രസ്ഫോടനം. ശ്രീഗംഗാനഗർ ജില്ലയിലെ അനൂപ്ഗഢ്–സൂറത്ത്ഗഢ് റെയിൽവേ പാതയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ റെയിൽവേ ട്രാക്കിന് കേടുപാടുകൾ സംഭവിച്ചു. ഇതേത്തുടർന്ന് പാതയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഭീകരാക്രമണ സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ തീവ്രവാദ വിരുദ്ധ സേനയായ എ.ടി.എസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനൂപ്ഗഢ്–സൂറത്ത്ഗഢ് പാതയിലെ 50 ജിബി മേഖലയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. റെയിൽവേ ട്രാക്കിന് താങ്ങായി സ്ഥാപിച്ചിരുന്ന രണ്ട് കോൺക്രീറ്റ് തൂണുകൾ തകർന്നു. പാളത്തിലെ ചില സ്ലീപ്പറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ട്രാക്കിന് താഴെ ഏകദേശം രണ്ടടി ആഴത്തിൽ കുഴി രൂപപ്പെട്ടതായും സ്ഫോടനശബ്ദം 200 മീറ്റർ അകലെ വരെ കേട്ടതായും റിപ്പോർട്ടുകളുണ്ട്. റാംസിങ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
രാത്രി ഒൻപത് മണിയോടെ അനൂപ്ഗഢിൽനിന്ന് സൂറത്ത്ഗഢിലേക്ക് പോയ ട്രെയിൻ ഇതേ സ്ഥലത്തുകൂടി കടന്നുപോയിരുന്നു. ട്രെയിൻ കടന്നുപോയി ഏകദേശം 45 മിനിറ്റിന് ശേഷമാണ് സ്ഫോടനമുണ്ടായത്. പാസഞ്ചർ ട്രെയിൻ തകർക്കാനുള്ള ശ്രമമായിരുന്നോ ഇതെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്), ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി), ഡോഗ് സ്ക്വാഡ്, വിവിധ സുരക്ഷാ ഏജൻസികൾ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ രണ്ടുമണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘവും സ്ഥലത്തെത്തി. ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും പരിശോധന നടത്തും. മുൻകരുതൽ നടപടിയുടെ ഭാഗമായി അനൂപ്ഗഢ്–സൂറത്ത്ഗഢ് പാതയിലെ ട്രെയിൻ സർവീസുകൾ രാവിലെ ഒൻപത് മണിവരെ നിർത്തിവെച്ചിരുന്നു.
അതിർത്തി മേഖലയിൽ അടുത്തിടെ 7.5 കിലോഗ്രാം ആർ.ഡി.എക്സ് പിടിച്ചെടുത്ത സംഭവവുമായി ഇപ്പോഴത്തെ സ്ഫോടനത്തിന് ബന്ധമില്ലെന്ന് ശ്രീഗംഗാനഗർ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ വ്യക്തമാക്കി. പിടിച്ചെടുത്ത സ്ഫോടകവസ്തുവും പുതിയ സംഭവവും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം നേരിട്ടെത്തി പരിശോധിച്ചതായും റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം വിവിധ ഏജൻസികൾ ഏകോപിപ്പിച്ച് നടത്തിവരികയാണ്.




