അബുദാബി: യുഎഇ പതാകദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക അതിഥിയായി ഇടംപിടിച്ച് മലയാളി വനിത. തൃശൂര്‍ കുന്നംകുളം അഞ്ഞൂര്‍ സ്വദേശിനിയും അബുദാബി പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഫുജൈറ ടെര്‍മിനല്‍ ഉദ്യോഗസ്ഥയുമായ ഷംജ മുജീബാണ് ഈ വലിയ ആദരവിന് അര്‍ഹയായത്. പ്രസിഡന്റ് നേരിട്ട് അഭിനന്ദിക്കാന്‍ തെരഞ്ഞെടുത്ത 55 പ്രമുഖ വ്യക്തികളില്‍ ഓരാളായിരുന്നു ഷംജ മുജീബ് മുഹമ്മദ്.
55 വയസ്സ് പിന്നിടുന്ന യുഎഇയുടെ പ്രതീകമായാണ് വിവിധ മേഖലകളില്‍ ധീരതയും നിസ്തുല സേവനവും തെളിയിച്ച 55 പേരെ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ തെരഞ്ഞെടുത്തത്. അബൂദബി ഖസര്‍ അല്‍ ഹുസ്നിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങ്. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിനായി നല്‍കിയ സേവനങ്ങളും പ്രകടിപ്പിച്ച ധീരതയും മുന്‍നിര്‍ത്തിയാണ് ഇവര്‍ ആദരിക്കപ്പെട്ടത്.
അബുദാബി പോര്‍ട്ടിന്റെ കീഴിലുള്ള ഫുജൈറ ടെര്‍മിനലിലെ ജീവനക്കാരിയാണ്. പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഫുജൈറ ടെര്‍മിനലില്‍ യുദ്ധകാലയളവില്‍ നല്‍കിയ വിലമതിക്കാനാവാത്ത സേവനങ്ങളും സമാനതകളില്ലാത്ത പ്രതിബദ്ധതയും മുന്‍നിര്‍ത്തിയാണ് ഷംജയെ ആദരിച്ചത്. തികച്ചും അപ്രതീക്ഷിതവും ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷവുമാണിതെന്ന് ഷംജ പ്രതികരിച്ചു.




