തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ചെയർമാൻ എം.ആർ. ബൈജുവിനെയും പ്രതിചേർക്കാൻ അന്വേഷണസംഘത്തിന്റെ നീക്കം. പരീക്ഷാ നടത്തിപ്പിൽ ചെയർമാൻ നേരിട്ട് ഇടപെട്ടെന്ന നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് നടപടി. പി.എസ്.സി സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും മൊഴികൾ എം.ആർ. ബൈജുവിന് എതിരാണ്. ചോദ്യങ്ങൾ തയ്യാറാക്കുന്നവരുടെ പാനൽ തീരുമാനിച്ചതും മൂല്യനിർണയം നടത്തുന്നവരെ നിശ്ചയിച്ചതും ചെയർമാനാണെന്നാണ് ഇവർ മൊഴി നൽകിയത്. നിയമോപദേശം തേടിയ ശേഷം ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും.
പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 90-ലേറെ പരാതികളാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. പരാതികളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണത്തിന്റെ തീരുമാനം. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്തിയിട്ടില്ലെന്നാണ് എസ്.ഐ.ടി കണ്ടെത്തിയിരിക്കുന്നത്. ഉത്തരക്കടലാസിന്റെ പകർപ്പിനായി നൽകിയ അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയെന്നും അനധികൃത നിയമനത്തിലൂടെ അന്യായലാഭം ഉണ്ടാക്കിയെന്നുമാണ് എഫ്.ഐ.ആറിലെ ആരോപണം. വിശ്വാസവഞ്ചന, അഴിമതി, പൊതുസേവകന്റെ പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
എം.ആർ. ബൈജുവിനെയും പി.എസ്.സി അംഗങ്ങളെയും പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ആസൂത്രണ ബോർഡ് പരീക്ഷയിൽ പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ സാങ്കേതിക പിഴവാണെന്നുമായിരുന്നു ചെയർമാന്റെ വിശദീകരണം. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവരെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിർദേശിക്കാനും തനിക്ക് അധികാരമുണ്ടെന്നും ചെയർമാൻ മൊഴി നൽകിയിരുന്നു. അഭിമുഖത്തിന്റെ മാർക്ക് 40-ൽ നിന്ന് 25 ആയി കുറച്ചത് തന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പി.എസ്.സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം. മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പി.എസ്.സി സെക്രട്ടറി സാജു ജോർജിനെയും അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
അതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിലെ അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി, കേസിൽ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും ചോദിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കോടതി നടപടികൾ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വേഗത്തിലാക്കാനുള്ള എസ്.ഐ.ടിയുടെ നീക്കം.


