കൊച്ചി: സോഷ്യൽ മീഡിയയിലെ ഇടപെടലുകളിൽ മാന്യതയും സംവാദമര്യാദയും പാലിക്കണമെന്ന് പ്രവർത്തകർക്ക് നിർദേശവുമായി ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ. വിയോജിക്കാനുള്ള അവസരത്തെ മാന്യമായി ഉപയോഗിക്കണമെന്നും വിയോജിക്കുന്നവരോട് പോലും സംവദിക്കാനുള്ള ശേഷി വളർത്തിയെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാധ്യമം സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിലപാടുകൾ പങ്കുവെക്കുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് പി. മുജീബുറഹ്മാന്റെ പരാമർശം ശ്രദ്ധേയമാകുന്നത്.
ഓഫ്‌ലൈനിൽ പാലിക്കുന്ന മര്യാദകൾ ഓൺലൈൻ ഇടങ്ങളിൽ പലരും ലംഘിക്കുന്നുവെന്നത് സോഷ്യൽ മീഡിയയിലെ പ്രധാന പരിമിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്ലീല പദപ്രയോഗങ്ങൾ, വ്യക്തിപരമായ അധിക്ഷേപങ്ങൾ, പരിഹാസങ്ങൾ, മോശം ട്രോളുകൾ, ദ്വയാർഥ പ്രയോഗങ്ങൾ എന്നിവ വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശത്രുക്കളെ സൃഷ്ടിക്കാനല്ല സാമൂഹിക മാധ്യമങ്ങളിൽ ഇടപെടേണ്ടതെന്നും ആശയപരമായ സംവാദത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും പി. മുജീബുറഹ്മാൻ വ്യക്തമാക്കി. തിന്മയെ ഏറ്റവും വലിയ നന്മകൊണ്ട് പ്രതിരോധിക്കണമെന്ന ഖുർആനിക സന്ദേശവും അദ്ദേഹം ഓർമിപ്പിച്ചു.
ഇസ്‌ലാമോഫോബിയ ശക്തിപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇസ്‌ലാം വിരുദ്ധ പൊതുബോധം വളർത്തുന്നതിൽ സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ പ്രതിരോധിക്കുന്നതിനൊപ്പം ഇസ്‌ലാമിന്റെ സൗന്ദര്യവും മൂല്യങ്ങളും ജീവിതദർശനങ്ങളും സമൂഹത്തിന് പരിചയപ്പെടുത്താനും സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സോഷ്യൽ മീഡിയയിലെ ഇടപെടലുകളിൽ ജനകീയമായ ഭാഷയും സംവാദരീതിയും വളർത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിയോജിക്കുന്നവരോടും യോജിക്കുന്നവരോടും മറ്റ് മതവിഭാഗങ്ങളോടും മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകളോടും മാന്യമായ ഭാഷയിൽ സംവദിക്കണം. കൊടിയ ശത്രുവിനോട് പോലും നീതിയും മാന്യതയും പുലർത്തണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.



