കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്ടർക്കെതിരേ പീഡനക്കേസ്. ഡോക്ടർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് യുവതി പോലീസിൽ പരാതി നൽകിയത്. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഡോക്ടറുടെ മൊബൈൽ ഫോൺ യുവതി പോലീസിന് കൈമാറിയതായും വിവരമുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളുടെ തുടർച്ചയായാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡോക്ടറെ മർദിച്ച സംഭവത്തിൽ നടിയും നടനുമടക്കം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പരാതിക്കാരനായ ഡോക്ടർക്കെതിരേയാണ് ഇപ്പോൾ പീഡനപരാതി ഉയർന്നിരിക്കുന്നത്.
മർദനക്കേസിലെ പ്രതിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന എഫ്.ഐ.ആറിലെ വിവരം. കേസിലെ പ്രതിയുടെ ബന്ധുവാണ് ഇപ്പോൾ ഡോക്ടർക്കെതിരേ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
പരാതിയിൽ ഇൻഫോപാർക്ക് പോലീസ് ഡോക്ടർക്കെതിരേ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ഡോക്ടറെ മർദിച്ച സംഭവത്തിൽ സിനിമാ താരങ്ങൾക്കെതിരേ കേസെടുത്തത് കടവന്ത്ര പോലീസാണ്.




