കാസർകോട്: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനായി പിരിച്ച ഫണ്ടിന്റെ വിനിയോഗത്തെച്ചൊല്ലി കാസർകോട് കെഎസ്യുവിൽ വിവാദം. ജില്ലാ നേതൃത്വത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി വിവിധ കോളേജുകളിലെ യൂണിറ്റ് ഭാരവാഹികൾ രംഗത്തെത്തി. പിരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടണമെന്നും ജില്ലാ ഭാരവാഹികൾ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് ‘KSU കാസർകോട് കൂട്ടായ്മ’ എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രതിഷേധം ഉയർന്നത്.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽനിന്നും ബാങ്കുകളിൽനിന്നും പ്രാദേശിക കോൺഗ്രസ് കമ്മിറ്റികളിൽനിന്നും ഫണ്ട് സമാഹരിച്ചിരുന്നുവെന്നാണ് യൂണിറ്റ് ഭാരവാഹികൾ പറയുന്നത്. എന്നാൽ പിരിച്ചെടുത്ത തുകയുടെ പൂർണമായ വിഹിതം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കോളേജ് യൂണിറ്റുകൾക്ക് നൽകിയില്ലെന്നാണ് പ്രധാന ആരോപണം.
ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പല കോളേജുകളിലും കടം വാങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിവന്നതെന്നും പ്രവർത്തകർ ആരോപിക്കുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകിയ 10,000 രൂപ ഉപയോഗിച്ചാണ് ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. അതേസമയം, ജില്ലാ കമ്മിറ്റി അംഗം 25,000 രൂപ നൽകിയെന്ന തരത്തിൽ വ്യാജ പ്രചാരണം നടന്നതായും യൂണിറ്റ് ഭാരവാഹികൾ ആരോപിക്കുന്നു.
വിവിധ പരിപാടികൾക്കായി യൂണിറ്റ് ഭാരവാഹികൾ സ്വന്തം നിലയിൽ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവന്നിട്ടും ജില്ലാ നേതൃത്വം സഹായിച്ചില്ലെന്നാണ് പ്രവർത്തകരുടെ പരാതി. യൂണിയൻ പിടിച്ചെടുത്ത കോളേജുകളിലെ യൂണിറ്റുകൾക്കും സമാനമായ അവഗണന നേരിടേണ്ടിവന്നതായും അവർ പറയുന്നു.
എല്ലാ വർഷവും സാമ്പത്തിക സഹായം ലഭിക്കാറുള്ള സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടപ്പോൾ ജില്ലാ പ്രസിഡന്റ് നേരിട്ട് പണം കൈപ്പറ്റിയെന്നാണ് വിവരം ലഭിച്ചതെന്നും യൂണിറ്റ് ഭാരവാഹികൾ ആരോപിക്കുന്നു. എന്നാൽ ഈ തുക കോളേജ് യൂണിറ്റുകൾക്ക് കൈമാറണമെന്ന ആവശ്യം ജില്ലാ പ്രസിഡന്റ് അംഗീകരിച്ചില്ലെന്നും ആരോപണമുണ്ട്.
ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് നിരന്തരം വിശദീകരണം തേടിയിട്ടും ജില്ലാ ഭാരവാഹികൾ പ്രതികരിക്കുന്നില്ലെന്നാണ് പ്രവർത്തകരുടെ മറ്റൊരു പരാതി. ജില്ലാ പ്രസിഡന്റ് മൗനം വെടിയണമെന്നും പിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്ക് പുറത്തുവിടണമെന്നും വാട്സാപ്പ് ഗ്രൂപ്പിൽ ആവശ്യം ശക്തമായിട്ടുണ്ട്.
ഫണ്ട് വിവാദം സംഘടനയ്ക്കുള്ളിൽ കൂടുതൽ ചർച്ചയാകുന്നതിനിടെ ജില്ലാ നേതൃത്വം ഇതുവരെ ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.


