മലപ്പുറം: മലപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായ സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐഎം നേതാവ് കെ.ടി. ജലീൽ. ‘റൗഡികൾക്ക് മലപ്പുറത്തെ വിട്ടുകൊടുക്കരുത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
പൊലീസിന്റെ മനോവീര്യം തകർത്തുകൊണ്ട് മയക്കുമരുന്ന് മാഫിയകൾക്ക് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ജലീൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
22 വർഷം പൊലീസ് സേനയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് മേലുദ്യോഗസ്ഥരുടെ പ്രശംസ നേടിയ രണ്ട് പൊലീസുകാരെ വധിക്കാൻ ശ്രമിച്ചെന്നാണ് ജലീലിന്റെ ആരോപണം.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഷാഡോ പൊലീസ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൽപകഞ്ചേരി സ്റ്റേഷനിലെ പൊലീസുകാരായ രാമചന്ദ്രനും സുധീഷിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിരൂർ വൈലത്തൂരിന് സമീപം അരിപ്പീടിയേങ്ങലുള്ള പൊന്മുണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽക്കാനെത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിന് നിയോഗിക്കപ്പെട്ടതായിരുന്നു രാമചന്ദ്രനെന്ന് ജലീൽ കുറിപ്പിൽ പറയുന്നു.
സ്കൂൾ പരിസരത്ത് നിരീക്ഷണം നടത്തുന്നതിനിടെ രണ്ട് യുവാക്കൾ ചേർന്ന് രാമചന്ദ്രനെ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ മൂക്കിന്റെ പാലം തകരുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും ജലീൽ ചൂണ്ടിക്കാട്ടി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഇരുവരും ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വൈലത്തൂർ ഭാഗത്തുനിന്ന് സ്കൂട്ടറിലെത്തിയ ഒന്നും രണ്ടും പ്രതികളായ സഫ്വാനും ദിൽഷാദുമാണ് പൊലീസുകാരെ ആക്രമിച്ചതെന്നാണ് ജലീലിന്റെ കുറിപ്പിലുള്ളത്. സ്കൂൾ വരാന്തയിൽ ഒപ്പന പരിശീലനം നടത്തുകയായിരുന്ന പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട രാമചന്ദ്രൻ വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്താൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസുകാർക്കെതിരെ നടന്ന ആക്രമണം ഗൗരവത്തോടെ കാണണമെന്നും ലഹരിമാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് കെ.ടി. ജലീലിന്റെ ആവശ്യം.


