കൊച്ചി: കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ താൻ ഇരയാക്കപ്പെട്ടതാണെന്ന് കായികാധ്യാപകൻ ജിജോ ജെയിംസ്. സംഭവത്തിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ തന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയിലും സർക്കാരിലും വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും ജിജോ ജെയിംസ് പ്രതികരിച്ചു.
കലവറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ തുടക്കം മുതൽ വ്ലോഗ് മാതൃകയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഫോൺ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ജിജോ വ്യക്തമാക്കി.
ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയതിൽ പരാതിയില്ലെന്നും പരിശോധനയിലൂടെ തന്റെ ഭാഗത്തെ സത്യസന്ധത തെളിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിവാദത്തിന് പിന്നാലെ ജിജോ ജെയിംസിന്റെ രാഷ്ട്രീയ പശ്ചാത്തലവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അധ്യാപകൻ ഇടത് അനുകൂലിയാണെന്നായിരുന്നു ചില യുഡിഎഫ് അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ആരോപണം. എന്നാൽ നേരത്തെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതും കോൺഗ്രസ് അധ്യാപക സംഘടനയുടെ പ്രാദേശിക ഭാരവാഹിയായി പ്രവർത്തിച്ചതും ചൂണ്ടിക്കാട്ടി ഇടത് അനുകൂല അക്കൗണ്ടുകളും രംഗത്തെത്തി.
മുൻപ് യുഡിഎഫ് അനുഭാവിയായിരുന്ന ജിജോ ജെയിംസ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയും അധ്യാപനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ ഭാഗമായി പ്രവർത്തിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ഭക്ഷണത്തിൽ പുഴു എങ്ങനെ എത്തിയെന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തമായ നിഗമനത്തിലെത്താനായിട്ടില്ല. കായികമേളയുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൂർണമായി പരിശോധിച്ചെങ്കിലും ഭക്ഷണത്തിൽ പുഴു കൊണ്ടിടുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.
ഭക്ഷണം വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങൾ അധ്യാപകൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നതായി സിസിടിവി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. നിലവിൽ പുഴുവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന വകുപ്പ് മാത്രം ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
കായികമേളയിലെ പ്രശ്നം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചത് ഗുരുതര കുറ്റകൃത്യമാണെന്ന് കോടതിയെ അറിയിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. അതേസമയം, അധ്യാപകൻ ഭക്ഷണത്തിൽ പുഴു കൊണ്ടിടുന്നത് കണ്ടവരുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ അത്തരമൊരു സംഭവം കണ്ടെത്താനാകാത്തത് കേസിൽ നിർണായകമായിരിക്കുകയാണ്.
ഭക്ഷണത്തിൽ പുഴു എത്തിയതെങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വരാത്ത സാഹചര്യത്തിൽ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനാഫലം കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.


