ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. മത്സരത്തിൽ ഏഴ് റൺസ് മാത്രമാണ് നേടാനായതെങ്കിലും ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി. മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡാണ് താരം മറികടന്നത്.
രണ്ടാം ഏകദിനത്തിന് മുമ്പ് കോഹ്ലിയും പോണ്ടിങ്ങും 1971 റൺസ് വീതം നേടി റെക്കോർഡ് പട്ടികയിൽ ഒപ്പത്തിനൊപ്പമായിരുന്നു. മത്സരത്തിൽ ബൗണ്ടറിയോടെ തുടങ്ങിയ കോഹ്ലി പോണ്ടിങ്ങിനെ മറികടന്നു. ഇതോടെ ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ കോഹ്ലിയുടെ സമ്പാദ്യം 1978 റൺസായി ഉയർന്നു.
അതേസമയം, മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 134 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 113 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടുനിൽക്കെ മഴയെത്തുകയായിരുന്നു.
പിന്നീട് മത്സരം പുനരാരംഭിക്കാനാകാതെ വന്നതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.


