ഇടുക്കി: മറയൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കുറത്തികൊടി സ്വദേശി ശിവാനന്ദനാണ് ഭാര്യ സുബ്ബലക്ഷ്മി (48)യെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
കുടുംബപ്രശ്നം പരിഹരിക്കുന്നതിനായി ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച ശേഷം ഇരുവരും സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി.
ഈ സമയത്താണ് പൊലീസ് സ്റ്റേഷൻ ഗേറ്റിന് പുറത്തുവെച്ച് ശിവാനന്ദൻ സുബ്ബലക്ഷ്മിയെ പലതവണ വെട്ടിയത്. പരിക്കേറ്റ സുബ്ബലക്ഷ്മിയെ ആദ്യം മറയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ശിവാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


