കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി സർക്കാർ ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ അംഗീകാരമില്ലാതെ 46 അധ്യാപകരെ നിയമിച്ചതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
2023–24ലെ ആനുവൽ ക്വാളിറ്റി അഷ്വറൻസ് റിപ്പോർട്ട് പ്രകാരം സർവകലാശാലയിൽ ആകെ 220 അധ്യാപക തസ്തികകൾക്കാണ് സർക്കാർ അനുമതിയുള്ളത്. ഇതിൽ ഒൻപത് പ്രൊഫസർമാർ, 21 അസോസിയേറ്റ് പ്രൊഫസർമാർ, 190 അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിങ്ങനെയാണ് തസ്തികകളുടെ വിഭജനം.
എന്നാൽ സർവകലാശാലയിൽ നിലവിൽ 55 പ്രൊഫസർമാരും 15 അസോസിയേറ്റ് പ്രൊഫസർമാരും 52 അസിസ്റ്റന്റ് പ്രൊഫസർമാരും ജോലി ചെയ്യുന്നുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. സർക്കാർ അംഗീകാരമില്ലാതെ 46 പ്രൊഫസർമാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്ക് ശമ്പളയിനത്തിൽ നൽകിയ അധിക തുകയെക്കുറിച്ച് വിശദീകരണം നൽകണമെന്നും ഓഡിറ്റ് വിഭാഗം സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നതിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. സർവകലാശാലയിലെ 90 ശതമാനം അധ്യാപകരും വർഷങ്ങളായി പഞ്ചിംഗ് സംവിധാനം വഴി ഹാജർ രേഖപ്പെടുത്തുന്നില്ല. സംസ്കൃത സാഹിത്യം, സംഗീതം വകുപ്പുകളിലെ ചില അധ്യാപകർ മാത്രമാണ് പഞ്ചിംഗ് ചെയ്യുന്നത്. ബാക്കിയുള്ളവർ ഹാജർ ബുക്കിൽ ഒപ്പിടുന്ന രീതിയാണ് പിന്തുടരുന്നത്.
അനുവദിച്ചിട്ടുള്ള ഗ്രേസ് ടൈം കഴിഞ്ഞാണ് പല അധ്യാപകരും ജോലിക്കെത്തുന്നതെന്നും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഒരു മണിക്കൂറാണ് അനുവദനീയമായ ഗ്രേസ് ടൈം. അഞ്ച് പ്രവൃത്തിദിവസങ്ങളിലായി ആകെ 300 മിനിറ്റ് ഗ്രേസ് ടൈം അനുവദനീയമാണ്. അധ്യാപകർ പഞ്ചിംഗ് സംവിധാനം ഉപയോഗിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
അനധ്യാപക ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിലും വീഴ്ചകളുണ്ടെന്നാണ് ഓഡിറ്റ് കണ്ടെത്തൽ. സർവകലാശാലയിലും റീജിയണൽ സെന്ററുകളിലും സ്ഥാപിച്ചിട്ടുള്ള പഞ്ചിംഗ് മെഷീനുകളിൽ പലതും പ്രവർത്തിക്കുന്നില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്. മെഷീനുകൾ പ്രവർത്തനരഹിതമായതിനാൽ ഹാജർ രേഖപ്പെടുത്താൻ കഴിയുന്നില്ലെന്നാണ് ചില പരാതികളിൽ പറയുന്നത്.
നിലവിലുള്ള പഞ്ചിംഗ് മെഷീനുകളിൽ എത്രയെണ്ണം പ്രവർത്തനക്ഷമമാണെന്ന് വ്യക്തമാക്കണമെന്നും ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്ന സ്പാർക്ക് (SPARK) സോഫ്റ്റ്വെയർ പഞ്ചിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഹാജർ വിവരങ്ങൾ എങ്ങനെയാണ് ശമ്പള വിതരണത്തിന് പരിഗണിക്കുന്നതെന്നും ഓഡിറ്റ് വിഭാഗം വിശദീകരണം തേടിയിട്ടുണ്ട്.
അധ്യാപക നിയമനങ്ങൾ, ശമ്പള വിതരണം, ഹാജർ രേഖപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ഈ കണ്ടെത്തലുകളിൽ സർവകലാശാലയുടെ വിശദീകരണം നിർണായകമാകും.


