ചെന്നൈ: തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. തേനി, തിരുച്ചിറപ്പള്ളി, ശിവഗംഗ, ചെന്നൈ, പെരമ്പല്ലൂർ, കടലൂർ തുടങ്ങിയ ജില്ലകളിലാണ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്. ആഘോഷങ്ങൾക്കിടെ ഉണ്ടായ തർക്കങ്ങളും ആക്രമണങ്ങളുമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതാണ് സംഭവങ്ങളിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയത്. തിരുച്ചിറപ്പള്ളിയിൽ മൂന്ന് കൊലപാതകങ്ങളും ശിവഗംഗയിൽ രണ്ടും റിപ്പോർട്ട് ചെയ്തു. ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഓരോ കൊലപാതകവും നടന്നു.
കടലൂരിലും ശിവഗംഗയിലും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട നേതാക്കളാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളിയിൽ രണ്ട് പ്രായപൂർത്തിയാകാത്തവരും ചെന്നൈയിൽ ഒരു യുവാവും വെട്ടേറ്റു മരിച്ചു.
സംഭവങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നിലയെച്ചൊല്ലി രാഷ്ട്രീയ വിവാദവും ശക്തമായി. തമിഴ്‌നാട്ടിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് കണ്ണുതുറക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ കണക്കുചോദിക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. ദീപാവലി ആഘോഷങ്ങൾക്കിടെ തുടർച്ചയായി കൊലപാതകങ്ങൾ നടന്നത് സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.


