തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാറിലൂടെ സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് വ്യക്തമാക്കുന്ന മറ്റൊരു റിപ്പോർട്ടും പുറത്ത്. എം.ജി. രാജമാണിക്യം തയ്യാറാക്കിയ റിപ്പോർട്ടിന് പുറമേ, കെഎസ്ഇബി കൊമേഴ്‌സ്യൽ ആൻഡ് താരിഫ് വിഭാഗം ചീഫ് എൻജിനീയർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് 903 കോടി രൂപയുടെ നഷ്ടസാധ്യത ചൂണ്ടിക്കാട്ടുന്നത്.
ജിഎൻഎയിൽ നിന്ന് മുഴുവൻ സമയവും വൈദ്യുതി വാങ്ങുന്നതിന് പകരം ഹിമാചൽ പ്രദേശിലെ കമ്പനിയിൽ നിന്ന് ആവശ്യമായ സമയത്ത് മാത്രം വൈദ്യുതി വാങ്ങിയാൽ 461 കോടി രൂപ ലാഭിക്കാനാകുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അഞ്ച് മാസത്തേക്ക് ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ 1,105 കോടി രൂപ ചെലവാകുമ്പോൾ ജിഎൻഎയിൽ നിന്ന് വാങ്ങാൻ 1,566 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയാലും പീക്ക് സമയത്ത് അധികമായി 442.21 കോടി രൂപയുടെ വൈദ്യുതി വാങ്ങേണ്ടിവരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹിമാചലിൽ നിന്നുള്ള വൈദ്യുതി ആവശ്യമായ സമയത്ത് മാത്രം വാങ്ങിയാൽ അധിക വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകും. 461 കോടിയുടെ അധിക ചെലവും പീക്ക് സമയത്തെ 442 കോടിയുടെ വൈദ്യുതി ചെലവും കൂടി കണക്കിലെടുക്കുമ്പോഴാണ് ജിഎൻഎ കരാറിലൂടെ ആകെ 903 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ജിഎൻഎയുടെ ഒടിപി പ്ലാറ്റ്‌ഫോമിന് കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന്റെ അംഗീകാരമില്ലെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ഈ പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വിൽക്കുന്നതിന് ആവശ്യമായ റെഗുലേറ്ററി അനുമതിയില്ലെന്നതാണ് പ്രധാന ആശങ്ക. മുൻപ് വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോൾ ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നുവെന്നും അന്ന് റെഗുലേറ്ററി അതോറിറ്റി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇത്തരമൊരു ഗൗരവമായ കണ്ടെത്തൽ നിലനിൽക്കെ കരാറുമായി മുന്നോട്ടുപോയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. സാധാരണ സാഹചര്യത്തിൽ തന്നെ കരാറുമായി മുന്നോട്ടുപോകുന്നതിൽ നിന്ന് സർക്കാർ പിന്മാറേണ്ടതായിരുന്നുവെന്നാണ് ഉയരുന്ന വിമർശനം.
കെഎസ്ഇബിയിലെ താരിഫ് ആൻഡ് കൊമേഴ്‌സ്യൽ വിഭാഗമാണ് വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ അന്നത്തെ കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജിഎൻഎ കരാർ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി രാജമാണിക്യവും റിപ്പോർട്ട് നൽകിയത്. തുടർന്ന് വൈദ്യുതി മന്ത്രിയും സമാന നിലപാട് സ്വീകരിച്ചിരുന്നു.
ജിഎൻഎ കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടസാധ്യതകളും റെഗുലേറ്ററി അനുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീണ്ടും ചർച്ചയാകുകയാണ്. രണ്ട് റിപ്പോർട്ടുകളിലെയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കരാറിനെക്കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങൾ സർക്കാരിൽ നിന്ന് ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.


