ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക പോലുള്ള ഉപകരണം കുടുങ്ങിയതിനെ തുടർന്ന് അഞ്ച് വർഷത്തോളം ദുരിതം അനുഭവിച്ച ഉഷ ജോസഫിന് ഇനി സ്വന്തം വീട്ടിൽ താമസിക്കാം. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഉഷയ്ക്ക് പുതിയ വീട് നിർമ്മിച്ചു നൽകിയത്. പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്.
2021 മേയ് മാസത്തിലാണ് ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക പോലുള്ള ശസ്ത്രക്രിയാ ഉപകരണമായ ‘മോസ്കിറ്റോ ആർട്ടറി ഫോർസെപ്സ്’ വയറ്റിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് അഞ്ച് വർഷത്തോളം കടുത്ത വേദനയും ദുരിതവും അനുഭവിച്ച ഉഷയുടെ വയറ്റിൽനിന്ന് 2026 ഫെബ്രുവരിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഉപകരണം പുറത്തെടുത്തത്. വർഷങ്ങളോളം ദുരിതം അനുഭവിച്ച ഉഷയ്ക്ക് പുതിയ വീട് ലഭിച്ചതോടെ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്.



