എറണാകുളം: പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം. സ്ട്രോക്ക് തിരിച്ചറിയാതെ ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് 56കാരന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നെന്നാണ് പരാതി. കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാറിന്റെ കാലാണ് മുറിച്ചുമാറ്റിയത്. സ്ട്രോക്കിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയിട്ടും കൃത്യമായ രോഗനിർണയം നടത്താതെ മരുന്ന് നൽകി തിരിച്ചയച്ചെന്നാണ് ആരോപണം.
കഴിഞ്ഞ ജൂലൈ 26നായിരുന്നു സംഭവം. കാലുവേദനയും പരിക്കുകളുമായാണ് അന്ന് രാത്രി അബ്ദുൽ ജബ്ബാർ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ച ശേഷം കാര്യമായ പ്രശ്നങ്ങളില്ലെന്നും മൂന്ന് മണിക്കൂറിനുള്ളിൽ വേദന മാറുമെന്നും അറിയിച്ച് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.
എന്നാൽ പിറ്റേന്ന് രാവിലെയും വേദനയ്ക്ക് ശമനമില്ലാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി. തുടർന്ന് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിലാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. ആറു മണിക്കൂറിനുള്ളിൽ ചികിത്സ ലഭിക്കേണ്ടിയിരുന്ന സാഹചര്യമാണെന്നും പിന്നീട് വ്യക്തമായി. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്നത് പഠിക്കുന്ന വിദ്യാർഥികളാണെന്നും അവരെ കേസിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞ് അധികൃതർ അബ്ദുൽ ജബ്ബാറിനെ സമാധാനിപ്പിച്ച് തിരിച്ചയച്ചെന്നാണ് ആരോപണം.
തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടിവന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും പറവൂർ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു.


