കൊച്ചി: താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്നാണ് കാൽ മുറിച്ചുമാറ്റേണ്ടി വന്നതെന്ന അബ്ദുൽ ജബ്ബാറിന്റെ ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ജബ്ബാറിനെ ഇന്നലെ ആശുപത്രിയിലെത്തിച്ചത് സിപിഎം പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇതിന് പിന്നിൽ പറവൂരിലെ സിപിഎമ്മാണെന്നും രമേഷ് ഡി. കുറുപ്പ് പറഞ്ഞു. ജബ്ബാറിന് സംഭവിച്ചത് ദാരുണമായ കാര്യമാണെന്നും എന്നാൽ ആശുപത്രി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചികിത്സാപ്പിഴവ് കണ്ടെത്തിയിട്ടില്ലെന്നുമാണ് സൂപ്രണ്ട് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 26നാണ് അബ്ദുൽ ജബ്ബാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പിറ്റേന്ന് ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദേശിച്ചിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും റീജിയണൽ വിജിലൻസിനോട് അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. ചികിത്സയിൽ വീഴ്ച കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് അബ്ദുൽ ജബ്ബാറിന് കാൽ മുറിച്ചുമാറ്റേണ്ടി വന്നെന്ന പരാതി ഉയർന്നത്. വലതുകാലിന്റെ പാദത്തിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലൈ 26ന് രാത്രി ഏഴുമണിയോടെ ജബ്ബാർ ആശുപത്രിയിലെത്തിയത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് വേദനസംഹാരികളും കുത്തിവയ്പ്പും നൽകിയ ശേഷം വീട്ടിലേക്ക് മടക്കി അയച്ചു.
വേദന കുറഞ്ഞില്ലെന്ന് അറിയിച്ച് വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും പിറ്റേന്ന് സർജനെയെത്തി കാണാനായിരുന്നു നിർദേശം. എന്നാൽ രക്തയോട്ടം തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്നമാണെന്നും എട്ടുമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നുവെന്നും പിന്നീട് ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ അറിയിച്ചതായാണ് ജബ്ബാറിന്റെ ആരോപണം. കാൽ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗമില്ലെന്നും നിർദേശിച്ചു.
തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും സമാന നിർദേശമാണ് ലഭിച്ചത്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജബ്ബാറിന്റെ വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റുകയായിരുന്നു.


