ഡൽഹി: യുപിഎ ഭരണകാലത്ത് മൻമോഹൻ സിങ്ങിനെ മാറ്റി തനിക്ക് പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം 2010-ൽ പ്രണബ് മുഖർജി തന്നോട് സംസാരിച്ചിരുന്നതായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി. ഓര്‍മക്കുറിപ്പായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. ഇത് തന്നെ ഞെട്ടിച്ചെന്നും സോണിയ പറയുന്നു.
സോണിയാ ഗാന്ധിയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ, ‘ഭരണത്തലപ്പത്ത് ഒരു മാറ്റത്തിനുള്ള സമയമായി’ എന്ന് പ്രണബ് മുഖർജി അപ്രതീക്ഷിതമായി നിർദേശിക്കുകയായിരുന്നു. പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ ആഗ്രഹമാണ് ആ വാക്കുകളിൽ പ്രകടമായതെന്ന് സോണിയ ഓർത്തെടുക്കുന്നു.
അക്കാലത്ത് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് താനാണെന്ന ആരോപണങ്ങളും സോണിയ നിഷേധിക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനും അഭിപ്രായവ്യത്യാസങ്ങൾ പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നു എങ്കിലും, അന്തിമമായി അദ്ദേഹത്തിന്റെ തീരുമാനങ്ങളെ അംഗീകരിക്കുക എന്നത് തന്റെ കടമയായിരുന്നുവെന്നും സോണിയ വ്യക്തമാക്കുന്നു.



