മുംബൈ: ഐപിഎൽ ചരിത്രത്തിലെ ശ്രദ്ധേയമായ താരകൈമാറ്റങ്ങളിലൊന്നിന് കളമൊരുങ്ങുന്നു. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്കും പഞ്ചാബിന്റെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും കൂടുമാറി. ഇരുവരുടെയും പ്രതിഫലം 18 കോടി രൂപയായി കണക്കാക്കുന്നതിനാൽ അധിക തുക കൈമാറാതെ നേരിട്ടുള്ള ട്രേഡിലൂടെയാണ് താരങ്ങളെ കൈമാറുന്നത്.
അർഷ്ദീപിനൊപ്പം മലയാളി താരം വിഷ്ണു വിനോദിനെയും മുംബൈയിലെത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നിലവിലെ വിവരമനുസരിച്ച് അർഷ്ദീപിനെ മാത്രമാണ് പഞ്ചാബ് കൈമാറുന്നത്. ഇതോടെ വിഷ്ണു വിനോദ് പഞ്ചാബ് കിങ്സിൽ തുടരും. കഴിഞ്ഞ സീസണിൽ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് അർഷ്ദീപിനെ നിലനിർത്തിയത്. അതേസമയം, മുംബൈയിൽ ഹാർദിക്കിന്റെ പ്രതിഫലം 16.35 കോടി രൂപയായിരുന്നു.
ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയ ഹാർദിക്കിന്റെ രണ്ടാം വരവിനും ഇതോടെ അവസാനമാകുകയാണ്. രോഹിത് ശർമയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ആരാധകരിൽ നിന്ന് വലിയ പ്രതിഷേധമാണ് ഹാർദിക്കിന് നേരിടേണ്ടിവന്നത്. താരത്തിന്റെ നേതൃത്വത്തിൽ കളിച്ച മൂന്ന് സീസണുകളിൽ രണ്ടിലും മുംബൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.
ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയ ടീമുകളുമായും ഹാർദിക്കിന്റെ പേര് ചേർത്ത് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗുജറാത്തിലേക്ക് നായകനായി മടങ്ങാനായിരുന്നു ഹാർദിക്കിന്റെ താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ കളിക്കാരനായി മാത്രമേ തിരിച്ചെത്താനാകൂ എന്ന നിലപാടിലായിരുന്നു ഗുജറാത്ത്. പഞ്ചാബിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമിന് ഹാർദിക്കിന്റെ ഓൾറൗണ്ട് മികവ് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തന്നെ അർഷ്ദീപിന്റെ പിതാവ് ദർശൻ സിങ് ട്രേഡിനെക്കുറിച്ച് സൂചന നൽകിയിരുന്നു. സ്വന്തം സംസ്ഥാനമായ പഞ്ചാബ് വിട്ടുപോകുന്നതിൽ തുടക്കത്തിൽ വിഷമം തോന്നിയെങ്കിലും ജസ്പ്രീത് ബുംറ, രോഹിത് ശർമ തുടങ്ങിയ താരങ്ങൾക്കൊപ്പം മുംബൈയിൽ കളിക്കാൻ മകന് അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ ടീമുകളുടെ ഭാഗമായിട്ടുള്ള ഹാർദിക് 3,000ത്തോളം റൺസും 82 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മറുഭാഗത്ത് ഇന്ത്യയുടെ പ്രധാന ടി20 പേസർമാരിലൊരാളായ അർഷ്ദീപ് 96 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ന്യൂബോളിലെ സ്വിങ്ങും ഡെത്ത് ഓവറുകളിലെ യോർക്കറുകളുമാണ് അർഷ്ദീപിന്റെ പ്രധാന കരുത്ത്.
അർഷ്ദീപിന്റെ വരവോടെ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുംബൈയുടെ പേസ് നിരയ്ക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹാർദിക്കിന്റെ വരവോടെ പഞ്ചാബിന്റെ ഓൾറൗണ്ട് വിഭാഗവും ശക്തമാകും. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതോടെ ഐപിഎല്ലിലെ ഈ വമ്പൻ താരകൈമാറ്റത്തിന് സ്ഥിരീകരണമാകും.


