ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതിയുടെ പരാതി. പ്രസവശേഷം ഗർഭപാത്രത്തിൽ പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്നാണ് ചാവക്കാട് സ്വദേശിനിയായ ഫാത്തിമത്തുൽ ഷറഫിയയുടെ ആരോപണം. എന്നാൽ പരാതി തള്ളി ഡോക്ടർ രംഗത്തെത്തി. പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ആരോപണം ഉന്നയിച്ചതെന്നുമാണ് ഡോക്ടറുടെ പ്രത്യാരോപണം.
ഓഗസ്റ്റ് 19നായിരുന്നു ഷറഫിയയുടെ സാധാരണ പ്രസവം. പ്രസവത്തിനുശേഷം രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഗർഭപാത്രത്തിൽ തുന്നലിട്ടിരുന്നു. ഇതിനിടെ പഞ്ഞി ഉള്ളിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്ന് നിരന്തരമായ വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായും പരാതിയിൽ പറയുന്നു.
വേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടെങ്കിലും പഴുപ്പിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നുവെന്നും കൃത്യമായ പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ച് സ്കാൻ നടത്തിയപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞിയുള്ളതായി കണ്ടെത്തിയത്. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വെച്ച് പഞ്ഞി പുറത്തെടുത്തു.
ഏകദേശം 43 ദിവസത്തോളം പഞ്ഞി ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്നതിനെ തുടർന്ന് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നെന്നാണ് യുവതിയുടെ പരാതി. പരാതിയുമായി എത്തിയപ്പോൾ ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഡോ. ഡിറ്റോ, പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടതായും തുക നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പരാതി ഉയർത്തിയതെന്നും പ്രതികരിച്ചു. നിശ്ചിത ചികിത്സാ നടപടിക്രമങ്ങൾ പാലിച്ചാണ് ചികിത്സ നടത്തിയതെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ചികിത്സാപ്പിഴവ് ആരോപണത്തിലും ഡോക്ടറുടെ പ്രത്യാരോപണത്തിലും അന്വേഷണത്തിന് ശേഷമേ യാഥാർഥ്യം വ്യക്തമാകൂ.


