ഗുവാഹത്തി: അസമിൽ ട്രെയിൻ പാളം തെറ്റി നിരവധി യാത്രക്കാർക്ക് പരിക്ക്. കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ സൈറങ്ങിലേക്ക് പോകുകയായിരുന്ന 13125 നമ്പർ സൈറാങ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ 6.45ഓടെ ഗുവാഹത്തിക്ക് സമീപം ദിഗാരു റെയിൽവേ സ്റ്റേഷന് അടുത്തായിരുന്നു അപകടം. ട്രെയിനിന്റെ എൻജിനും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയതെന്ന് റെയിൽവേ അറിയിച്ചു. എന്നാൽ ഏഴ് കോച്ചുകൾ പാളം തെറ്റിയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി റെയിൽവേ വ്യക്തമാക്കി. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി പകരം ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ജനറൽ മാനേജർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മറ്റൊരു ട്രെയിനിന് കടന്നുപോകുന്നതിനായി സൈറാങ് എക്സ്പ്രസ് ദിഗാരു സ്റ്റേഷനിൽ പിടിച്ചിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ വേഗത നിയന്ത്രിക്കാൻ ലോക്കോ പൈലറ്റിന് കഴിയാതിരുന്നതാണ് പാളം തെറ്റാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. അപകടത്തിൽ എൻജിനും കോച്ചുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.




