തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് ബലം പ്രയോഗിച്ച് വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. അരുവിക്കര വട്ടകുളം ലക്ഷംവീട് സ്വദേശി ശശിധരൻ (73) ആണ് ശിക്ഷിക്കപ്പെട്ടത്.
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ അരുവിക്കര ജംഗ്ഷനിലെ ലോട്ടറിക്കട നടത്തുന്ന പ്രതി ബലം പ്രയോഗിച്ച് കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി വാതിലടച്ച് ഉപദ്രവിക്കുകയായിരുന്നു.
പെൺകുട്ടി നിലവിളിച്ചതോടെ പ്രതി വാതിൽ തുറന്ന് കുട്ടിയെ പുറത്തുവിട്ടു. പിന്നീട് സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട അധ്യാപിക വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ചു. 31 രേഖകളും ഏഴ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. അന്നത്തെ അരുവിക്കര പോലീസ് ഇൻസ്പെക്ടർ മുരളീകൃഷ്ണനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.


