ന്യൂഡൽഹി: ഇന്ത്യയുടെ വിസ നടപടികൾ കൂടുതൽ ലളിതമാക്കി കേന്ദ്ര സർക്കാർ. വിസ വിഭാഗങ്ങളുടെ എണ്ണം 13ൽ നിന്ന് ഒമ്പതായി കുറച്ചതായും വിസ അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം വരെ കുറച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങൾ.
പുതിയ മാറ്റത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റർ വിസ’ എന്നാക്കി മാറ്റി. വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദർശന ആവശ്യങ്ങൾക്കും ഈ വിസ ഉപയോഗിക്കാമെന്നതാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ കമ്പനികൾക്കായി ജോലി ചെയ്യുന്ന വിദേശ വിദഗ്ധർ, എൻജിനീയർമാർ, സാങ്കേതിക ജീവനക്കാർ എന്നിവർക്കായി ‘പ്രൊഡക്ഷൻ ഇൻവെസ്റ്റ്‌മെന്റ് ബിസിനസ് വിസ’ എന്ന പ്രത്യേക വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്.
യന്ത്രങ്ങളുടെ സ്ഥാപനം, പ്രവർത്തനസജ്ജമാക്കൽ, ഗുണനിലവാര പരിശോധന, അറ്റകുറ്റപ്പണികൾ, ഉൽപ്പാദനം, ഐടി, പരിശീലനം, വിതരണ ശൃംഖല, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശികൾക്ക് പുതിയ വിസ വിഭാഗം പ്രയോജനപ്പെടും.
2026 ഓഗസ്റ്റ് 27ന് പ്രധാന വിസ വിഭാഗങ്ങളുടെ എണ്ണം 13ൽ നിന്ന് ഒമ്പതായി കുറച്ചിരുന്നു. ഉപവിഭാഗങ്ങളുടെ എണ്ണം 49ൽ നിന്ന് 23 ആയും ചുരുക്കി.
2025 ഒക്ടോബറിലും സമാനമായ പരിഷ്‌കാരം നടപ്പാക്കിയിരുന്നു. അന്ന് പ്രധാന വിസ വിഭാഗങ്ങൾ 22ൽ നിന്ന് 13 ആയും ഉപവിഭാഗങ്ങൾ 63ൽ നിന്ന് 49 ആയും കുറച്ചിരുന്നു.
വികസിത രാജ്യങ്ങളിലെ വിസ സംവിധാനങ്ങളും ആഗോള മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്രാ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിസ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനൊപ്പം വിദേശികളുടെ നിയമാനുസൃത യാത്രകൾ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
നിലവിൽ 13 ഉപവിഭാഗങ്ങളിലായി ഇ-വിസ സൗകര്യം ലഭ്യമാണ്. 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ ഇ-വിസ അനുവദിക്കുന്നുണ്ട്.


