കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് സർവകലാശാലയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള സാഹചര്യം എന്തായിരുന്നുവെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകൾ സർവകലാശാല കോടതിയിൽ ഹാജരാക്കി. ഇന്ന് കേസിൽ വിശദമായ വാദം കേൾക്കുന്നില്ലെന്നും എന്നാൽ വിഷയത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ഒരു കേസിൽ രണ്ട് എഫ്ഐആറുകൾ നിലനിൽക്കുമോയെന്നും മൂന്ന് മാസത്തേക്ക് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയും എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു. 60 ദിവസമായി കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലേയെന്നും ഇത്രയും കാലത്തെ നടപടികൾക്ക് ശേഷവും സർവകലാശാലയുടെ പക തീർന്നില്ലേയെന്നും കോടതി ആരാഞ്ഞു. ഇനിയും അരിശം തീർന്നില്ലേയെന്ന കുഞ്ചൻ നമ്പ്യാരുടെ വരികളും കോടതി പരാമർശിച്ചു.
വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ പൂർണമായും അംഗീകരിക്കുകയല്ലെന്നും അവർ ചെയ്തതെല്ലാം ന്യായീകരിക്കാവുന്നതാണെന്ന് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയക്കാർ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും കോടതി ചോദിച്ചു. ഹർജിയിൽ മറ്റന്നാൾ വിശദമായി വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.


