ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം തുറന്ന് ഇറാൻ. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവ വിക്ഷേപിക്കാനുള്ള ലോഞ്ചറുകളും സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) പുറത്തുവിട്ടു.
ഐആർജിസിയുടെ എയ്‌റോസ്‌പേസ് വാരത്തോടനുബന്ധിച്ച് ചൊവ്വാഴ്ചയാണ് പുതിയ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഐആർജിസിയുമായി ബന്ധമുള്ള തസ്‌നീം വാർത്താ ഏജൻസിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ഇറാൻ സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലി അബ്ദൊല്ലാഹിയുടെയും ഐആർജിസി എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസവിയുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
മിസൈലുകളുടെയും ഡ്രോണുകളുടെയും ഉൽപ്പാദന സംവിധാനങ്ങൾ ഭൂമിക്ക് മുകളിലുള്ള കേന്ദ്രങ്ങളിൽ നിന്ന് ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഐആർജിസി അറിയിച്ചു. മിസൈലുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ മാത്രമല്ല, അവയുടെ ഉൽപ്പാദനം നടത്താനും കഴിയുന്ന സംവിധാനങ്ങളാണ് ഇവയെന്ന് ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബിയും കമാൻഡർ മജീദ് മൂസവിയും വ്യക്തമാക്കി.
ഇറാന്റെ കൈവശം നേരത്തെ 3,000ത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് ശേഷം ഇത് 2,000ൽ താഴെയായെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ 90 ശതമാനത്തോളവും പൂർണമായോ ഭാഗികമായോ പ്രവർത്തനക്ഷമമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിസൈൽ, ഡ്രോൺ ലോഞ്ചറുകളിൽ 60 ശതമാനത്തോളവും കേടുപാടുകൾ കൂടാതെ ശേഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ ഉപരോധവും നാവിക ഉപരോധവും തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ സൈനികശേഷി വ്യക്തമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്. ആവശ്യമെങ്കിൽ മേഖലയിലും അതിനപ്പുറത്തുമുള്ള ശത്രുക്കളുടെ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാന് കഴിയുമെന്ന് ഐആർജിസി കമാൻഡർ മജീദ് മൂസവി മുന്നറിയിപ്പ് നൽകി.


