കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ 17കാരന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കി പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഒരാളുടെ ജീവൻ നഷ്ടപ്പെട്ട അതീവ ഗൗരവമുള്ള കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. അപകടം കേവലം അശ്രദ്ധമൂലമുണ്ടായതല്ലെന്നും മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി പ്രകടിപ്പിച്ചതെന്നും കുടുംബം ആരോപിച്ചു.
പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യൽ ഓഫീസറാണെന്നും കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
17കാരന് ജാമ്യം അനുവദിച്ചതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം ഉൾപ്പെടെ നൽകിയ അപ്പീലുകൾ നേരത്തെ എറണാകുളം പ്രത്യേക സെഷൻസ് കോടതി തള്ളിയിരുന്നു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.
അപ്പീലുകളിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് നിരീക്ഷിച്ച കോടതി, പിഴ ചുമത്താതിരിക്കാൻ പ്രോസിക്യൂഷൻ കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കോടതി ചോദ്യം ചെയ്തിരുന്നു.
ജുവനൈൽ കേസുകളിൽ ഏഴ് വർഷമോ അതിലധികമോ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകുകയെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.
അതിനിടെ, കേസിലെ പ്രതിയായ 17കാരന്റെ പിതാവും ജഡ്ജിയുമായ വ്യക്തി നാളെ മുതൽ കോടതിയിൽ ഹാജരാകും. ഇതുസംബന്ധിച്ച ഉത്തരവ് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ചു.
വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുക. കേസിൽ ജഡ്ജിക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അപകടത്തിന് പിന്നാലെ അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല.
ഒക്ടോബർ 25ന് പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ അപകടമുണ്ടായത്. 17കാരൻ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിലിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിക്കുകയായിരുന്നു.
കാർ ഓടിക്കാനുള്ള ആഗ്രഹം കാരണം വീട്ടുകാരുടെ അറിവില്ലാതെയാണ് വാഹനവുമായി പുറത്തിറങ്ങിയതെന്നായിരുന്നു 17കാരൻ പൊലീസിന് നൽകിയ മൊഴി. ഇരുട്ടും മഴയുമുള്ളതിനാൽ റോഡിലെ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും സ്കൂട്ടർ കണ്ടിരുന്നില്ലെന്നും മൊഴിയിൽ പറഞ്ഞിരുന്നു.
അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത 17കാരനെ പൊലീസ് ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ജയബാലകൃഷ്ണന്റെ കുടുംബവും ഇതിനെതിരെ രംഗത്തെത്തി. തുടർന്ന് നരഹത്യാ വകുപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.


