ഓക്ലൻഡ്: ന്യൂസിലൻഡ് മണ്ണിലെ ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. നവംബറിലെ ഫിഫ വിൻഡോയിലെ ആദ്യ സൗഹൃദ മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡ് എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയെ തകർത്തത്. ന്യൂസിലൻഡിനായി ജെസ്സെ റാൻഡൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്രിസ് വുഡും ലാക്ലാൻ ബെയ്ലിസും ഓരോ ഗോൾ വീതം നേടി. മലയാളി താരം ബിജോയ് വർഗീസിന്റെ സെൽഫ് ഗോളിലൂടെയാണ് ന്യൂസിലൻഡ് മത്സരത്തിൽ ലീഡ് നേടിയത്. അഞ്ച് ഗോളിന് തോറ്റെങ്കിലും പെനാൽറ്റി ഉൾപ്പെടെ നിരവധി നിർണായക സേവുകൾ നടത്തിയ ഗോൾകീപ്പർ വിശാൽ കെയ്ത്തിന്റെ പ്രകടനം ഇന്ത്യക്ക് ആശ്വാസമായി.
തുടക്കത്തിലേ തിരിച്ചടി; ആധിപത്യം ഉറപ്പിച്ച് ന്യൂസിലൻഡ്
അനിരുദ്ധ് ഥാപ്പയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതൽ ന്യൂസിലൻഡിന്റെ ആക്രമണങ്ങളെ ചെറുക്കേണ്ടിവന്നു. അഞ്ചാം മിനിറ്റിൽ ഇന്ത്യൻ ബോക്സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ബിജോയ് വർഗീസിന്റെ കാലിൽ തട്ടി സ്വന്തം വലയിലെത്തിയതോടെ ന്യൂസിലൻഡ് മുന്നിലെത്തി.
പിന്നീട് റയാൻ വില്യംസ്, ലിസ്റ്റൺ കൊളാസോ, മലയാളി താരം ജിതിൻ എം.എസ് എന്നിവരുടെ നീക്കങ്ങളിലൂടെ ഇന്ത്യ തിരിച്ചുവരാൻ ശ്രമിച്ചു. 19-ാം മിനിറ്റിൽ വില്യംസിന്റെ പാസിൽ മൻവീർ സിങ്ങിന് മികച്ച അവസരം ലഭിച്ചെങ്കിലും ന്യൂസിലൻഡ് പ്രതിരോധം തടഞ്ഞു. ആദ്യ പകുതിയിൽ വിശാൽ കെയ്ത്തിന്റെ മികച്ച സേവുകളാണ് ഇന്ത്യയെ കൂടുതൽ ഗോളുകളിൽനിന്ന് രക്ഷിച്ചത്. എന്നാൽ 34-ാം മിനിറ്റിലും ആദ്യ പകുതിയുടെ അധികസമയത്തും വലകുലുക്കിയ ജെസ്സെ റാൻഡൽ ന്യൂസിലൻഡിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 0-3ന് പിന്നിലായി.
രണ്ടാം പകുതിയിലും കിവീസ് ആധിപത്യം; തിളങ്ങി വിശാൽ കെയ്ത്ത്
രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ അഞ്ച് മാറ്റങ്ങൾ വരുത്തി. റിക്കി മെയ്തെയ് ഹാവോബാമിനും മുഹമ്മദ് സുഹൈലിനും ഇതോടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിസ്റ്റൺ കൊളാസോയുടെ ഫ്രീകിക്ക് ന്യൂസിലൻഡ് ഗോൾകീപ്പർ അലക്സ് പോൾസൺ തടഞ്ഞു.
എന്നാൽ കളിയിൽ ആധിപത്യം തുടർന്ന ന്യൂസിലൻഡ് 57-ാം മിനിറ്റിൽ ക്രിസ് വുഡിന്റെ ഹെഡറിലൂടെ നാലാം ഗോൾ നേടി. 74-ാം മിനിറ്റിൽ ലാക്ലാൻ ബെയ്ലിസിന്റെ മനോഹരമായ വോളിയിലൂടെ അഞ്ചാം ഗോളും പിറന്നു.
78-ാം മിനിറ്റിൽ ബിൽ ടുയിലോമയുടെ പെനാൽറ്റി കിക്ക് വിശാൽ കെയ്ത്ത് തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തി. പിന്നാലെ റീബൗണ്ട് ഷോട്ടും തടഞ്ഞ് താരം കയ്യടി നേടി. അവസാന മിനിറ്റുകളിൽ ഡേവിഡ് ലാൽഹ്ലൻസംഗയ്ക്കും ടോംബ സിംഗ് ഹാവോബാമിനും പരിശീലകൻ അരങ്ങേറ്റത്തിന് അവസരം നൽകി.
പരമ്പരയിലെ രണ്ടാം സൗഹൃദ മത്സരത്തിൽ ഞായറാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ഇന്ത്യയും ന്യൂസിലൻഡും വീണ്ടും ഏറ്റുമുട്ടും. ആദ്യ മത്സരത്തിലെ പിഴവുകൾ തിരുത്തി ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.




