തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര ഒളരിക്കര സ്വദേശി സതീഷ് ഒളരി എന്ന വി.ബി. സതീഷിനെയാണ് (47) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ പലതവണയായി യുവതിയിൽനിന്ന് യുപിഐ വഴി 1.25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കൂടാതെ 20,300 രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും വിമാനടിക്കറ്റ് എടുത്ത വകയിൽ 20,400 രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
പണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിനും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
പ്രതിയുടെ സഹോദരിയായ രണ്ടാം പ്രതി ശബ്ദസന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നും ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


