മാഞ്ചെസ്റ്റർ: 2026-27 പ്രീമിയർ ലീഗ് സീസണിലെ മോശം തുടക്കത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് മൈക്കൽ കാരിക്കിനെ പുറത്താക്കി. ഈ സീസണിൽ കളിച്ച പത്ത് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുണൈറ്റഡിന് ജയിക്കാനായത്. ഇതോടെ പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം തരംതാഴ്ത്തൽ ഭീഷണിയും നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് പരിശീലകനെ മാറ്റാനുള്ള ക്ലബ് മാനേജ്മെന്റിന്റെ തീരുമാനം.
ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പരിശീലക സ്ഥാനത്ത് മാറ്റം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് തീരുമാനമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. കളിക്കാരനായും പരിശീലകനായും ക്ലബ്ബിനായി മികച്ച സമർപ്പണവും പ്രൊഫഷണലിസവും പുലർത്തിയ വ്യക്തിയാണ് കാരിക്കെന്നും അദ്ദേഹം എന്നും യുണൈറ്റഡിന്റെ ഇതിഹാസമായിരിക്കുമെന്നും ക്ലബ് വ്യക്തമാക്കി. നൽകിയ സേവനങ്ങൾക്ക് നന്ദിയും അറിയിച്ചു.
2026 ജനുവരിയിലാണ് കാരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. തുടർന്ന് കളിച്ച 17 മത്സരങ്ങളിൽ 12 വിജയങ്ങൾ നേടി ടീമിനെ 2025-26 പ്രീമിയർ ലീഗ് സീസണിൽ മൂന്നാം സ്ഥാനത്തെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതയും യുണൈറ്റഡ് സ്വന്തമാക്കി. ഈ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 2026-27 സീസണിന് മുന്നോടിയായി കാരിക്കിനെ സ്ഥിരം പരിശീലകനായി നിയമിച്ചത്. എന്നാൽ പുതിയ സീസണിൽ ആ മികവ് ആവർത്തിക്കാൻ അദ്ദേഹത്തിനും സംഘത്തിനും കഴിഞ്ഞില്ല.
യുണൈറ്റഡിന്റെ പുതിയ പരിശീലകനായി മൗറീഷ്യോ പോച്ചെറ്റിനോയുടെ പേരാണ് നിലവിൽ സജീവമായി പരിഗണിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ക്ലബ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ടോട്ടനം, പി.എസ്.ജി, ചെൽസി, അമേരിക്കൻ ദേശീയ ടീം എന്നിവയെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ് പോച്ചെറ്റിനോ.


