കോട്ടയം: മാർക്ക് കൂട്ടിനൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ പിരിച്ചുവിടപ്പെട്ട എം.ജി. സർവകലാശാല പരീക്ഷാഭവൻ അസിസ്റ്റന്റ് സി.ജെ. എൽസിക്കെതിരായ നടപടി വീണ്ടും അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി. ഗവർണറുടെ ഉത്തരവിനെത്തുടർന്നാണ് പുനരന്വേഷണം ആരംഭിച്ചത്. ആദ്യഘട്ടമായി എൽസിക്കെതിരായ കുറ്റപത്രം അന്വേഷണസമിതി രജിസ്ട്രാറുടെ ഓഫീസിലേക്ക് കൈമാറി.
എൽസിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ വ്യക്തമാക്കുകയും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് മെമ്മോ നൽകുകയും വേണമെന്നാണ് സമിതിയുടെ നിർദേശം. സർവകലാശാല നടത്തിയ മുൻ അന്വേഷണം ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സി.ജെ. എൽസി ഗവർണർക്ക് അപ്പീൽ നൽകിയിരുന്നു.
അപ്പീൽ പരിഗണിച്ച ഗവർണർ പിരിച്ചുവിടൽ നടപടി റദ്ദാക്കി സസ്പെൻഷനായി കുറച്ചു. ചട്ടപ്രകാരം വീണ്ടും അന്വേഷണം നടത്താനും നിർദേശിച്ചു. ഡോ. രാജേഷ് കോമത്ത്, കെ.എം. മിജാസ്, ആതിര പ്രകാശ് എന്നിവരെയാണ് പുതിയ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
എതിർസാക്ഷികളെ വിസ്തരിക്കാൻ അവസരം നൽകിയില്ല
സർവകലാശാല സ്റ്റാറ്റ്യൂട്ട് 46, ചാപ്റ്റർ 4 പ്രകാരം അച്ചടക്കനടപടിക്ക് വിധേയനാകുന്ന ജീവനക്കാരന് അന്വേഷണഘട്ടത്തിൽ തനിക്കെതിരെ മൊഴി നൽകിയ സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ അവസരം നൽകണം. എന്നാൽ എൽസിക്ക് ഈ അവസരം ലഭിച്ചില്ലെന്നാണ് പരാതി.
2022 ജനുവരി 29-ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് എൽസിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് സർവകലാശാല ഇവരെ സസ്പെൻഡ് ചെയ്തു. അന്നത്തെ സിൻഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പിരിച്ചുവിട്ടത്.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നതിനാൽ സിൻഡിക്കേറ്റ് അന്വേഷണസമിതി എൽസിയുടെ മൊഴി ഓൺലൈനായാണ് രേഖപ്പെടുത്തിയത്. ഇതോടെ എതിർസാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനുള്ള അവസരം നൽകാനായില്ല. അന്വേഷണത്തിലെ ഈ സാങ്കേതിക പിഴവാണ് പുനരന്വേഷണത്തിന് വഴിയൊരുക്കിയത്.
എല്ലാം വീണ്ടും ആദ്യം മുതൽ
പുതിയ അന്വേഷണസമിതി നടപടിക്രമങ്ങൾ ആദ്യം മുതൽ പുനരാരംഭിക്കും. കുറ്റപത്രം കൈമാറി മെമ്മോ നൽകി എൽസിയെ നേരിട്ട് ഹാജരാക്കും. അവരുടെ വിശദീകരണം കേട്ടശേഷം എതിർഭാഗം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. തുടർന്ന് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ എൽസിക്ക് അവസരം നൽകും. മുൻ അന്വേഷണത്തിലെ വീഴ്ച പരിഹരിച്ചശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
വിജിലൻസിന് മുന്നിൽ എൽസി കുറ്റം സമ്മതിച്ചിരുന്നതായാണ് വിവരം. വിജിലൻസിന് പുറമേ സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയും ജോയിന്റ് രജിസ്ട്രാറും നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഇതോടെ നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിനായി നാലാം തവണയാണ് കേസിൽ അന്വേഷണം നടക്കുന്നത്.


