തൃശൂര്‍: വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 39.390 ഗ്രാം എം.ഡി.എം.എയുമായി സ്റ്റേഷൻ റൗഡിയെയും കൂട്ടാളിയെയും കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടിൽ മിൻഷാദ് (33), കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വീട്ടിൽ ഷജിൽ (33) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ചളിങ്ങാട് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ശിവപുരം ക്ഷേത്രത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. കാറിന്റെ ഡ്രൈവിങ് സീറ്റിനടിയിൽ ക്ലച്ച് പെഡലിന് സമീപത്തെ ഫ്ലോർ മാറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്.
തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത എം.ഡി.എം.എ വാണിജ്യ അളവിൽപ്പെടുന്നതാണെന്ന് പൊലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ. രതീഷ്കുമാർ, മതിലകം സർക്കിൾ ഇൻസ്പെക്ടർ വി. വിമൽ, കൈപ്പമംഗലം എസ്.ഐ കെ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഉദ്യോഗസ്ഥരടങ്ങിയ വിപുലമായ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.


