പത്തനംതിട്ട: കൊടുമൺ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി പരാതി. സംഭവത്തിൽ അർധരാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി സ്റ്റേഷനിലെത്തി. പോലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ സഞ്ചരിച്ചതിനെ തുടർന്നാണ് മദ്യപിച്ചെന്ന ആരോപണം ഉയർന്നത്. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി പ്രതിഷേധം ആരംഭിച്ചു. അടൂർ സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജയിലിലായ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ രാത്രിതന്നെ സ്ഥലത്തെത്തി. പ്രതിഷേധക്കാർ പിന്മാറാതായതോടെ എസ്.പിയുടെ നിർദേശപ്രകാരം വിശ്രമത്തിലായിരുന്ന പോലീസുകാരെ വിളിച്ചുണർത്തി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷന് സമീപത്തെ വിശ്രമമുറിയിൽ കഴിയുകയായിരുന്ന നാല് പോലീസുകാരെയാണ് പരിശോധിച്ചത്.
ഇതിൽ രണ്ടുപേരിൽ മദ്യത്തിന്റെ ഗന്ധം കണ്ടെത്തിയതായാണ് വിവരം. എന്നാൽ രക്തപരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. മദ്യപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.




