പാലക്കാട്: കുട്ടികൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റാമോൾ സിറപ്പ് നൽകിയ സംഭവത്തിൽ പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.
പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടികൾക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. ബുധനാഴ്ച 32 കുട്ടികൾക്ക് ഇവിടെ പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. കുത്തിവെപ്പിന് ശേഷം പനി വന്നാൽ ഉപയോഗിക്കാനായി നൽകിയ പാരസെറ്റാമോൾ സിറപ്പിന്റെ കാലാവധി 2026 ഒക്ടോബറിൽ അവസാനിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ രക്ഷിതാക്കൾ മരുന്നുമായി ആശുപത്രിയിലെത്തി. തുടർന്ന് ആശുപത്രി അധികൃതർ കാലാവധി കഴിഞ്ഞ മരുന്ന് തിരികെ വാങ്ങി പകരം പുതിയ മരുന്ന് നൽകി.
അബദ്ധത്തിൽ സംഭവിച്ചതാണെന്നും നാല് കുട്ടികൾക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷിതാക്കളെ വിവരം അറിയിച്ചെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.


