വാഷിങ്ടൺ: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ സമയം പുലർച്ചെ 4.17നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ രണ്ടാം ഘട്ടം വിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ റോക്കറ്റിന്റെ ഒന്നാം ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്ററിനെ വിക്ഷേപണത്തറയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം ബൂസ്റ്റർ മെക്സിക്കോയ്ക്ക് സമീപമുള്ള കടലിൽ സുരക്ഷിതമായി പതിച്ചു. റോക്കറ്റിന്റെ രണ്ട് ഘട്ടങ്ങളും തിരിച്ചെത്തിച്ച് ചരിത്രനേട്ടം കൈവരിക്കാനായിരുന്നു സ്പേസ് എക്സിന്റെ ലക്ഷ്യം.
നിലവിൽ ഭൂമിയിൽ നിന്ന് 275 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സ്റ്റാർഷിപ്പിന്റെ രണ്ടാം ഘട്ടം സഞ്ചരിക്കുന്നത്. ഇതിലുണ്ടായിരുന്ന 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളും വിജയകരമായി വേർപെട്ടു. ആകെ 22 മണിക്കൂർ 32 മിനിറ്റ് നീളുന്നതാണ് ദൗത്യം. ഭൂമിയെ 14 തവണ ചുറ്റിയ ശേഷമായിരിക്കും സ്റ്റാർഷിപ്പിന്റെ രണ്ടാം ഘട്ടം ഭൂമിയിലേക്ക് മടങ്ങുക. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 22 മണിക്കൂർ 30 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കം പ്രതീക്ഷിക്കുന്നത്.


