കൊച്ചി: ഒരു നല്ല പ്രവൃത്തി എത്രയധികം മനുഷ്യരെ നന്മ ചെയ്യാൻ പ്രചോദിപ്പിക്കുമെന്നതിന്റെ ഹൃദയസ്പർശിയായ ഉദാഹരണമായി മാറുകയാണ് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കാതോട് കാതോരം’ പദ്ധതി. പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളെ തേടിയെത്തുന്നത് അപ്രതീക്ഷിത സമ്മാനങ്ങളുടെ പെരുമഴയാണ്. ഒരു നേരത്തെ ബിരിയാണി മുതൽ ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം വരെ നീളുന്ന സ്നേഹസമ്മാനങ്ങളാണ് കുട്ടികൾക്ക് ലഭിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിൽ രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളും മാതാപിതാക്കളും കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒത്തുചേർന്നിരുന്നു. ഇവർക്കൊപ്പം സമയം ചെലവഴിക്കാനായി മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയതും വലിയ വാർത്തയായിരുന്നു.
എന്നാൽ ആ കൂടിച്ചേരലിൽ പിറന്ന നന്മയുടെ കഥകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. ചടങ്ങിൽ പങ്കെടുത്തവർക്കായി ബിരിയാണി ഒരുക്കി വിളമ്പാനെത്തിയ തലശ്ശേരിക്കാരൻ അബ്ദുൾ ഖാദറാണ് ആദ്യമായി മാതൃകയായത്. പ്രീമിയം ബിരിയാണികളുടെ നിർമാണത്തിലും വിതരണത്തിലും ശ്രദ്ധേയനായ അബ്ദുൾ ഖാദർ, കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവങ്ങൾ കേട്ടതോടെ താൻ ഒരുക്കിയ ഭക്ഷണത്തിന് പ്രതിഫലം വാങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളോടുള്ള ഐക്യദാർഢ്യമായാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. പരിപാടിക്കായി തയ്യാറാക്കിയ ബിരിയാണിയും അനുബന്ധ ചെലവുകളും സൗജന്യമാക്കിയാണ് അബ്ദുൾ ഖാദർ തന്റെ പിന്തുണ അറിയിച്ചത്.
ഇതിന് പിന്നാലെ കുട്ടികളുടെ ഭാവിക്ക് വലിയ കരുത്താകുന്ന പ്രഖ്യാപനവുമായി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനും എം.ജി.എം. ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാൻ രംഗത്തെത്തി. ‘കാതോട് കാതോരം’ പദ്ധതിയുടെ ഗുണഭോക്താക്കളായ മുഴുവൻ കുട്ടികളുടെയും വിദ്യാഭ്യാസച്ചെലവ് ജീവിതകാലം മുഴുവൻ ഏറ്റെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കേരളത്തിലുടനീളമുള്ള എം.ജി.എം. ഗ്രൂപ്പിന്റെ മുപ്പതോളം സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്കും മാതാപിതാക്കൾക്കും താത്പര്യമുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കാം. സ്കൂൾ വിദ്യാഭ്യാസം മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്, പോളിടെക്നിക് ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾ വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ ഏത് ഘട്ടത്തിലും കുട്ടികൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്നതാണ് പ്രഖ്യാപനത്തിന്റെ പ്രത്യേകത. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന മാതാപിതാക്കൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് ഈ വാഗ്ദാനം നൽകുന്നത്.
ഒരുകാലത്ത് മക്കളുടെ ആരോഗ്യത്തിനും ഭാവിക്കുമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ച കുടുംബങ്ങളാണ് ഇന്ന് അവരെ തേടിയെത്തുന്ന സ്നേഹത്തിനും കരുതലിനും മുന്നിൽ സന്തോഷം പങ്കിടുന്നത്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഈ സഹായങ്ങൾക്ക് ഈശ്വരനോട് നന്ദി പറയുകയാണ് പല മാതാപിതാക്കളും.
ഒരു നല്ല പ്രവൃത്തി മറ്റനേകം നന്മകൾക്ക് വഴിതുറക്കുമെന്നതിന്റെ തെളിവായി മാറുകയാണ് ‘കാതോട് കാതോരം’. മമ്മൂട്ടി തുടക്കമിട്ട കാരുണ്യപ്രവർത്തനത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് പിന്തുണയെത്തുമ്പോൾ, പദ്ധതി കേവലം സാമൂഹിക സേവനപ്രവർത്തനമെന്നതിലുപരി മനുഷ്യസ്നേഹത്തിന്റെ വലിയൊരു കൂട്ടായ്മയായി വളരുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിന്റെ ചെലവ് ഏറ്റെടുത്ത അബ്ദുൾ ഖാദർ മുതൽ കുട്ടികളുടെ ആജീവനാന്ത വിദ്യാഭ്യാസം ഏറ്റെടുക്കാൻ മുന്നോട്ടുവന്ന ഗീവർഗീസ് യോഹന്നാൻ വരെ നീളുന്ന ഈ നന്മയുടെ ശൃംഖല നൽകുന്നത് പ്രതീക്ഷയുടെ വലിയ സന്ദേശമാണ്.


