പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക പ്രസാദം ബുക്കിംഗ് കൗണ്ടറും പാഴ്സൽ സൗകര്യവും ഒരുക്കാൻ ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും ധാരണയിലെത്തി. ഇതുവഴി അയ്യപ്പഭക്തർക്ക് ‘സ്വാമി പ്രസാദവും’ അരവണ പായസവും സ്പീഡ് പോസ്റ്റ് വഴി രാജ്യത്തെവിടെയും അയയ്ക്കാം. ദർശനം കഴിഞ്ഞ് ഭക്തർ വീട്ടിലെത്തുമ്പോഴേക്കും പ്രസാദം വീടുകളിലെത്തുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായിരിക്കും ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പായ്ക്ക് ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും.
സന്നിധാനത്തെ കൗണ്ടറിന് പുറമേ, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ‘സ്വാമി പ്രസാദം’ സ്പീഡ് പോസ്റ്റ് പാഴ്സലായി ബുക്ക് ചെയ്യാം. തീർത്ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി ആവശ്യമായ അളവിൽ പ്രസാദവും അരവണയും ബുക്ക് ചെയ്ത് സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഈ സംവിധാനം ഭക്തർക്ക് സഹായകരമാകും.
ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറക്കുന്നതിനൊപ്പം അടുത്ത ആഴ്ച പ്രത്യേക പാഴ്സൽ ബുക്കിംഗ് കേന്ദ്രവും പ്രവർത്തനം ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും കേരള സർക്കിളിലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിംഗും അറിയിച്ചു.




