മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി വിട്ടയച്ചു. ആര്യൻ ദീപക് ജെയിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഇയാളെ വിട്ടയച്ചത്.
ശനിയാഴ്ച രാവിലെ ഡൽഹിയിലെ ഷഹ്ദാരയിലെ ജഗത്പുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ആര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിമാനമാർഗം മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
എന്നാൽ, ഡൽഹിയിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഇതിന് മതിയായ കാരണം അന്വേഷണ സംഘത്തിന് നൽകാൻ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണത്തിനായി പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വേണമെന്നായിരുന്നു ബാന്ദ്ര പൊലീസിന്റെ ആവശ്യം. എന്നാൽ പ്രതിഭാഗം അഭിഭാഷകർ ഇതിനെ എതിർത്തു. അറസ്റ്റിന്റെ കാരണം വ്യക്തമാക്കുകയോ ആവശ്യമായ നോട്ടീസ് നൽകുകയോ ചെയ്യാതെയാണ് പൊലീസ് നടപടിയെടുത്തതെന്ന് അഭിഭാഷകർ വാദിച്ചു. ഇത് പ്രതിയുടെ നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
പരാതിക്കാരി പ്രമുഖ വ്യക്തിയായതിനാൽ പൊലീസ് അസാധാരണമായ തിടുക്കം കാട്ടിയെന്നും പ്രതിഭാഗം ആരോപിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും ആര്യൻ കോടതിയിൽ വാദിച്ചു. ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം തുടരേണ്ടതുണ്ടെന്ന കാരണത്താൽ മാത്രം ഒരാളെ അറസ്റ്റ് ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


