കൊച്ചി: കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 വയസായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യത്തിൽ 16 വയസാകുമ്പോൾ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കാലാനുസൃതമായി നിയമത്തിൽ മാറ്റം വരുത്തുന്ന കാര്യം നിയമനിർമാണ സഭകൾ ആലോചിക്കണമെന്നും നിർദേശിച്ചു.
പ്രായം കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയായി മാറുന്ന സാഹചര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പല കേസുകളിലും പ്രായപരിധി കാരണം കോടതിക്ക് നടപടികളുമായി മുന്നോട്ടുപോകാൻ കഴിയുന്നില്ല. വൈകാരികമായി തീരുമാനമെടുക്കാൻ കോടതിക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
23 വയസിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും നൽകുന്നതും കർശനമായി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണം.
മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേരള അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകൾ പ്രകാരം 23 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റും നിയമം ലംഘിക്കപ്പെടുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടങ്ങളും കോടതി പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ 19കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിരുന്നു. തിരുവനന്തപുരം പാങ്ങപ്പാറയിൽ 17കാരൻ മറ്റൊരു 17കാരനെ കൊലപ്പെടുത്തിയ സംഭവവും ജുവനൈൽ പ്രായപരിധി സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിരുന്നു.


