കൊല്ലം: പ്രണയവിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ഇളമാട് കോട്ടയ്ക്കവിള സ്വദേശി ജോണി (59) ആണ് ആക്രമണത്തിന് ഇരയായത്.
ഇന്നലെ രാത്രിയാണ് നവവധുവിന്റെ ബന്ധു ഉൾപ്പെട്ട നാലംഗ സംഘം ജോണിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയത്. യുവാവിനെ അന്വേഷിച്ചാണ് സംഘം വീട്ടിലെത്തിയത്. എന്നാൽ യുവാവിനെ വീട്ടിൽ കണ്ടെത്താനായില്ല. ഇതോടെ അച്ഛനായ ജോണിയെ ബലമായി വാഹനത്തിൽ കയറ്റി സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് ജോണിയെ സംഘം ക്രൂരമായി മർദിച്ചു. സംഭവം അറിഞ്ഞ പൂയപ്പള്ളി പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ പ്രതികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ജോണിയെ സുരക്ഷിതമായി മോചിപ്പിച്ചു.
സംഭവത്തിൽ കടയ്ക്കൽ സ്വദേശികളായ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


