തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർന്ന കേസിൽ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആന്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 400 ഗ്രാമിലധികം സ്വർണവും കണ്ടെടുത്തു. കേസിൽ ഉൾപ്പെട്ട ചാല സ്വദേശി ശ്രാവണിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ബിസിനസ് തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചാലയിൽ സ്വർണവ്യാപാരം നടത്തുന്ന അമുലും ദിലീപുമാണ് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജാണ് ക്വട്ടേഷൻ ഏറ്റെടുത്തത്.
ഷാഡോ അനിൽ എന്നറിയപ്പെടുന്ന അനിൽ പ്രസാദും വിനോദ് ആന്റണിയും ബൈക്കിലെത്തി നന്ദകുമാറിൽ നിന്ന് സ്വർണം കവർന്നെന്നാണ് കേസ്. തുടർന്ന് ഫ്ലൈഓവർ കടന്ന് ഹൈവേയ്ക്ക് സമീപം എത്തിയ ഇരുവരും കാറിൽ കാത്തുനിന്ന അനൂപ് രാജിനൊപ്പം രക്ഷപ്പെട്ടു.
ആദ്യം തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ ബെംഗളൂരുവിലേക്ക് പോയി. പിന്നീട് വയനാട് ഭാഗത്തേക്ക് എത്തി. ഇതിനിടെ നന്ദകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയ ശ്രാവണും ഇവർക്കൊപ്പം കാറിൽ കയറിയിരുന്നു.
വയനാട്ടിലെത്തിയ സംഘം പരിചയക്കാരനും റിസോർട്ട് ജീവനക്കാരനുമായ രാജീവിനെ വിളിച്ച് വിനോദയാത്രയ്ക്കെത്തിയതാണെന്ന് പറഞ്ഞ് താമസസൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ശനിയാഴ്ച വൈകിട്ട് 5.45ഓടെ പടിഞ്ഞാറത്തറയിൽ വെച്ച് പൊലീസ് വാഹനം വളഞ്ഞ് പ്രതികളെ പിടികൂടി.
പൊലീസിനെ കണ്ടതോടെ ശ്രാവൺ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. രാജീവിനെ ചോദ്യം ചെയ്ത ശേഷം തിരുവനന്തപുരത്ത് ഹാജരാകാൻ നിർദേശിച്ച് പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചു. അറസ്റ്റിലായ പ്രതികളുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു.



