കോഴിക്കോട്: ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. സ്കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. നവംബർ ആറിനാണ് സംഭവം നടന്നത്.
ക്ലാസിൽനിന്ന് പുറത്തിറക്കി മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് പത്തുവയസ്സുകാരിയെ ചൂരൽ കൊണ്ട് മർദിച്ചെന്നാണ് പരാതി. മർദനത്തെ തുടർന്ന് കുട്ടി വേദനകൊണ്ട് പുളയുകയും വസ്ത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സ്കൂൾ മൈതാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾക്കിടയിൽ തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ അധ്യാപകനെതിരെ വിദ്യാർഥിനി പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് മർദിച്ചതെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ മകൾ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പരാതി നൽകിയിട്ടും സ്കൂൾ മാനേജ്മെന്റ് അധ്യാപകനെ സംരക്ഷിക്കുകയാണെന്നും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പിതാവ് ആരോപിച്ചു.
സംഭവത്തിന് ശേഷം കുട്ടിക്ക് കൗൺസിലിങ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയിട്ടുണ്ട്. അപമാനം ഭയന്ന് കുട്ടി സ്കൂളിൽ പോകുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. അധ്യാപകൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. മകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.


